തിരിച്ചടിയില്‍ തളരരുത്,രാജ്യം ഇസ്രോക്ക് ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗലൂരു : തിരിച്ചടിയില്‍ തളരരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോകരുതെന്നും വീണ്ടും പരിശ്രമങ്ങള്‍ തുടരണമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഐ എസ് ആര്‍ ഒ ആസ്ഥാനത്തുനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ദൌത്യം വിജയം കാണാത്തതില്‍ നിരാശ വേണ്ട. ശാസ്ത്രജ്ഞര്‍ രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണ്. ആത്മവിശ്വാസത്തോടെ മുന്നേറണമെന്നും മോദി പറഞ്ഞു. ബഹിരാകാശ ദൌത്യങ്ങളില്‍ രാജ്യത്തിന് അഭിമാനമുണ്ട്. മികച്ച അവസരങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ചാന്ദ്രയാന്‍-2 പദ്ധതി പ്രതീക്ഷിച്ച വിജയം കൈവരിക്കാനാകാത്ത സാഹചര്യത്തിലാണ് ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

ശനിയാഴ്ച പുലര്‍ച്ചെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. ചന്ദ്രോപരിതലത്തില്‍നിന്ന് 2.1 കിലോ മീറ്റര്‍ അകലെ വെച്ചാണ് ബന്ധം നഷ്ടപ്പെട്ടത്.

നിരാശപ്പെടേണ്ടെന്നും രാജ്യം നിങ്ങളോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചിരുന്നു. ഇതുവരെയെത്തിയത് വന്‍ നേട്ടമാണെന്നും ശാസ്ത്രജ്ഞര്‍ക്ക് ഒപ്പമുണ്ടെന്നും മോദി പറഞ്ഞു.

ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് ഉണ്ടായിരുന്ന വിദ്യാര്‍ഥികളുമായും പ്രധാനമന്ത്രി സംസാരിച്ചു.

റഫ് ബ്രേക്കിങ്ങിന് ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതികപ്രശ്നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് ലാന്‍ഡിങ് പ്രക്രിയ തടസപ്പെട്ടത്.

ജൂലായ് 22ന് ഉച്ചയ്ക്ക് ശേഷം 2.43 ഓടെയാണ് ‘ബാഹുബലി’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് റോക്കറ്റ് ചന്ദ്രയാനുമായി കുതിച്ചുയര്‍ന്നത്. ഇതുവരെ മറ്റൊരു രാജ്യവും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയായിരുന്നു അത്.

സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് 1.15-ഓടെയാണ് ചന്ദ്രയാന്‍-2 ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടത്. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 8.50 ന് ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥ ക്രമീകരണവും ഐഎസ്ആര്‍ഓ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

Top