ചന്ദ്രയാന്‍ 2 വിക്ഷേപണം കാണാന്‍ പോകരുതെന്ന് ഉപദേശം;മോദി പോയതെന്തിന്?

തോല്‍വികളില്‍ നിന്നും പാഠം പഠിച്ച് ജീവിതത്തില്‍ വിജയിക്കണമെന്ന് രാജ്യത്തെ വിദ്യാര്‍ത്ഥികളെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷകള്‍ക്ക് മുന്നോടിയായി വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന ‘പരീക്ഷാ പേ ചര്‍ച്ച’ മൂന്നാം ഭാഗത്തില്‍ പങ്കെടുക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ നടത്തി വിജയിക്കാതെ പോയ ചന്ദ്രയാന്‍ 2 വിക്ഷേപണം അദ്ദേഹം ഉദാഹരണമായി ഉയര്‍ത്തിക്കാണിച്ചു.

‘ചന്ദ്രയാന്‍ ദൗത്യം വിക്ഷേപിക്കുന്നത് കാണാന്‍ പോകുന്നതിന് എതിരെ ചിലര്‍ എന്നെ ഉപദേശിച്ചു. യാതൊരു ഉറപ്പുമില്ല, പരാജയപ്പെട്ടാല്‍ എന്താകും എന്നൊക്കെയാണ് അവര്‍ ചോദിച്ചത്. അതുകൊണ്ട് തന്നെയാണ് ഞാന്‍ അവിടെ പോയത്. ചന്ദ്രയാന്‍ 2 പരാജയപ്പെട്ടപ്പോള്‍ എനിക്കും ബുദ്ധിമുട്ട് തോന്നി. എന്നാല്‍ ശാസ്ത്രജ്ഞര്‍ക്ക് അരികിലെത്തി അവരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അവരുടെ കഠിനാധ്വാനത്തെ പ്രശംസിച്ച്, രാജ്യത്തിന്റെ സ്വപ്നത്തെക്കുറിച്ച് സംസാരിച്ചു. ആ മൂഡ് മാറുകയാണ് ചെയ്തത്, അവിടെ മാത്രമല്ല രാജ്യത്ത് മുഴുവന്‍’, പ്രധാനമന്ത്രി മോദി ചൂണ്ടിക്കാണിച്ചു.

അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാം. ചിലപ്പോഴെല്ലാം തോല്‍വിയില്‍ നിന്നും ചിലത് പഠിക്കാനുണ്ടാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2001ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ, ഓസ്‌ട്രേലിയ മത്സരത്തെക്കുറിച്ചും പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. പരുക്കേറ്റ അനില്‍ കുംബ്ലെ കളിക്കാനിറങ്ങി മത്സരം വിജയിപ്പിച്ചു, പ്രശ്‌നങ്ങളെ എങ്ങിനെ നേരിടുമെന്നതാണ് ഇതിന് ആധാരം, മോദി പറഞ്ഞു.

കാര്യങ്ങള്‍ വിപരീതമായി നിന്നപ്പോള്‍ മത്സരം തിരിച്ച രാഹുല്‍ ദ്രാവിഡിന്റെയും, വിവിഎസ് ലക്ഷ്മണിന്റെയും ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2000 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്.

Top