പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; കൊച്ചിയിലും തൃശൂരിലുമായി രണ്ടു ചടങ്ങുകളില്‍ പങ്കെടുക്കും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കൊച്ചിയിലും തൃശൂരിലുമായി രണ്ടു ചടങ്ങുകളില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കൊച്ചി നാവിക സേന വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങുന്നത്.

രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ആദ്യം കൊച്ചിന്‍ റിഫൈനറിയിലെ പരിപാടിയിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് 2.30ന് കൊച്ചിന്‍ റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതടക്കം 3 ഉദ്ഘാടന ചടങ്ങുകളാണ് പ്രധാനമന്ത്രിക്കായി ക്രമീകരിച്ചിട്ടുള്ളത്. വൈകീട്ട് മൂന്നരയോടെ തൃശ്ശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ പാര്‍ട്ടി പരിപാടി എന്ന നിലയിലാണ് ഈ ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്.

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കളുടെ സന്ദര്‍ശനത്തിലൂടെ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ലഭിച്ച മേധാവിത്വം ശക്തമായി നിലനിര്‍ത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ സന്ദര്‍ശനം എന്നാണ് വിലയിരുത്തുന്നത്.

Top