ഏപ്രില്‍ അഞ്ചിന് രാത്രി 9മണിക്ക് ചെറുദീപങ്ങള്‍ തെളിയിക്കൂ; ജനങ്ങളോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണിനോട് സഹകരിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണില്‍ തുരുന്ന ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനം നല്ല രീതിയില്‍ അച്ചടക്കം പാലിച്ചു. രാജ്യം ഒന്നായി കൊവിഡിനെതിരെ പോരാടുകയാണ്. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്.

ഒറ്റയ്ക്ക് എങ്ങനെ രോഗം നേരിടുമെന്നു പലര്‍ക്കും ആശങ്കയുണ്ട്. കഷ്ടപ്പാട് എന്നു തീരുമെന്നു പലരും ആശങ്കപ്പെടുന്നു. നിങ്ങള്‍ ഒറ്റയ്ക്കല്ല, 130 കോടി ജനം ഒപ്പമുണ്ട്. ഏപ്രില്‍ അഞ്ചിന് രാത്രി 9ന് വീടിനു മുന്നില്‍ 9 മിനിറ്റ് ടോര്‍ച്ച് ലൈറ്റോ, മൊബൈല്‍ ഫ്‌ളാഷോ, മെഴുകുതിരിയോ ചിരാതുകളോ തെളിയിക്കണം. വീട്ടില്‍ എല്ലാവരും ചേര്‍ന്ന് ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ നിന്ന് ഈ ചെറുദീപങ്ങള്‍ തെളിയിക്കണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്‌. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്നും അദ്ദേഹം പറഞ്ഞു. ആരും ഇതിനായി കൂട്ടം കൂടരുത്, പുറത്തിറങ്ങരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണയുടെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കാന്‍ നമുക്ക് ഒരുമിച്ച് ഈ സമയം നീക്കിവെക്കാമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. റോഡുകളില്‍ ആരും ഒത്തുകൂടരുതെന്നും കൊറോണ വൈറസിനെ തകര്‍ക്കാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കുക മാത്രമാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

ജനങ്ങളുടെ ഊർജ്ജവും ആത്മവിശ്വാസവും വർധിപ്പിക്കാനും ലോക്ക് ഡൗണിന്റെ പ്രാധാന്യം ബോധിപ്പിക്കാനുമാണ് പ്രധാനമന്ത്രി ഈ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ലോക്ക് ഡൗൺ നീട്ടുമോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല.

Top