ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ദീര്‍ഘദര്‍ശി; മോദിയെ പ്രശംസിച്ച് ജ.അരുണ്‍ മിശ്ര

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ദീര്‍ഘദര്‍ശിയാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു. ആഗോള തലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ് നരേന്ദ്ര മോദിയെന്നും ജസ്റ്റീസ് മിശ്ര പറഞ്ഞു. സുപ്രീംകോടതിയില്‍ രാജ്യാന്തര ജുഡീഷ്യന്‍ കോണ്‍ഫറന്‍സ് 2020ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഭീകരതയില്ലാത്ത, സമാധാനവും സുരക്ഷയുമുള്ള ലോകത്തിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും മുഖ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റിസ് അരുണ്‍ മിശ്ര. പ്രധാനമന്ത്രിയാണ് അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് 2020 ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രിയെ കൂടാതെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, വിവിധ ഹൈക്കോടതി ജഡ്ജിമാര്‍, 24 വിദേശ രാജ്യങ്ങളില്‍നിന്നുള്ള ജഡ്ജിമാര്‍, അഭിഭാഷകര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Top