വാരാണസിയില്‍ നരേന്ദ്രമോദിയുടെ റോഡ് ഷോ ആരംഭിച്ചു; നാളെ പത്രിക സമര്‍പ്പിക്കും

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വന്‍ റോഡ് ഷോയ്ക്ക് വാരാണസിയില്‍ തുടക്കം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചാണ് റോഡ് ഷോ നടത്തുന്നത്. സ്വാതന്ത്ര്യസമര സേനാനിയും ബനാറസ് സര്‍വകലാശാല സ്ഥാപകനുമായ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമായിരുന്നു റോഡ് ഷോ ആരംഭിച്ചത്.

നാളെ 12 മണിക്കാണ് മോദി വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. രാവിലെ കാല ഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോദി ബിജെപി പ്രവര്‍ത്തകരെ കാണും. തുടര്‍ന്ന് 12 മണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍, കേന്ദ്രമന്ത്രിയും എല്‍ജെപി അധ്യക്ഷനുമായ റാം വിലാസ് പാസ്വാന്‍ തുടങ്ങി ബിജെപി സഖ്യകക്ഷി നേതാക്കള്‍ എന്നിവരും മോദിക്കൊപ്പമുണ്ടാകും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് വരണാസിയിലെ ദശാശ്വേമേധ് ഗാട്ടില്‍ പ്രധാനമന്ത്രി പൂജ നടത്തി.

Top