യു.എ.ഇ.യുടെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ചു

ദുബായ്: യു.എ.ഇ.യുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ വെച്ച് നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് പുരസ്‌കാരം സമ്മാനിച്ചത്. ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

രാവിലെ അബുദാബിയിലെ എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിസ, മാസ്റ്റര്‍ തുടങ്ങിയവയ്ക്ക് പകരം ഉപയോഗിക്കാനാവുന്ന ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡ് യുഎഇയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. മാസ്റ്റര്‍ കാര്‍ഡിനും വിസ കാര്‍ഡിനും പകരമായി ഇന്ത്യ അവതരിപ്പിച്ചതാണ് റൂപെ കാര്‍ഡ്. ഇതോടെ റുപേ കാര്‍ഡ് ഉപയോഗിക്കാനാവുന്ന മദ്ധ്യപൂര്‍വ ദേശത്തെ ആദ്യ രാജ്യമെന്ന വിശേഷണവും ഇതോടെ യു.എ.ഇ.ക്ക് സ്വന്തമായി.

വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കരാറുകളും ഇതോടനുബന്ധിച്ച് ഒപ്പുവയ്ക്കും.ശൈഖ് മുഹമ്മദ് ഒരുക്കുന്ന ഉച്ചവിരുന്നില്‍ സംബന്ധിച്ച ശേഷം പ്രധാനമന്ത്രി ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലേക്ക് പോകും. വൈകീട്ട് അഞ്ചിന് ബഹ്റൈനിലെ ഇന്ത്യന്‍സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

Top