ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ സാംസ്‌കാരിക ബന്ധങ്ങള്‍ ഒരു മുതല്‍ക്കൂട്ടാണെന്ന് നരേന്ദ്ര മോദി

പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി.

ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നരേന്ദ്ര മോദി ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയത്. ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം എന്നിവ സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയില്‍ ഫ്രാന്‍സിന്റെയും ഇന്ത്യയുടേയും സാംസ്‌കാരിക ബന്ധങ്ങള്‍ ഒരു മുതല്‍ക്കൂട്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാരീസ് ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഭാവി തലമുറയ്ക്കു വേണ്ടി ഭൂമിയെ സംരംക്ഷിക്കേണ്ടത് ഇന്നത്തെ തലമുറയുട ഉത്തരവാദിത്വമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഒരു പുതിയ സൗഹൃദത്തിനു തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ഗോപാല്‍ ബഗ്‌ലെ ട്വിറ്ററിലൂടെ അറയിച്ചു.

ജര്‍മനി, റഷ്യ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് മോദി ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെത്തിയത്.

Top