‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; പ്രത്യേക സമിതിക്ക് രൂപംനല്‍കാന്‍ തീരുമാനം

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍. വിഷയത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിക്ക് രൂപംനല്‍കാന്‍ യോഗം തീരുമാനിച്ചു.

പുതിയ തെരഞ്ഞെടുപ്പ് ആശയത്തെ യോഗത്തില്‍ പങ്കെടുത്ത മിക്ക പാര്‍ട്ടികളും പിന്തുണച്ചുവെന്ന് പ്രതിരോധമന്ത്രി അവകാശപ്പെട്ടു. ആശയം നടപ്പാക്കുന്നതിനെക്കുറിച്ച് സി.പി.എമ്മിനും സി.പി.ഐയ്ക്കും വ്യത്യസ്ത നിലപാടാണുള്ളത്. എന്നാല്‍ അവരും ആശയത്തെ എതിര്‍ത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ആശയത്തെ പൂര്‍ണമായും പിന്തുണച്ചു. അടിക്കടി വരുന്ന തിരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ വികസനത്തെയും സമാധാന അന്തരീക്ഷത്തെയും ബാധിക്കുന്നുവെന്ന് ബി.ജെ.ഡി അധ്യക്ഷന്‍ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേ സമയം കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി, ബിഎസ്പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു. തെരഞ്ഞെടുപ്പുകള്‍ക്കായി ചിലവഴിക്കേണ്ടി വരുന്ന പണവും സമയവും കുറയ്ക്കുകയെന്ന ലക്ഷ്യവുമായാണ് ബിജെപി ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ ഈ നീക്കം രാജ്യത്തിന്റെ ഫെഡറല്‍ തത്വത്തിന് വിരുദ്ധമാണെന്നും പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടാണെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.

Top