മോദിയുടെ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. റിയാദില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും മോദി ചര്‍ച്ച നടത്തും.

ഇന്ത്യയില്‍ നിന്ന് നയതന്ത്ര സംഘവും വ്യവസായ പ്രമുഖരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇന്ത്യ പരിചയപ്പെടുത്തുന്ന പുതിയ റുപേ കാര്‍ഡിന്റെ പ്രകാശനവും മോദി നിര്‍വഹിക്കും.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക്കിസ്ഥാന്‍ വീണ്ടും വ്യോമപാത നിഷേധിച്ചതില്‍ ഇന്ത്യ അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കും.

സൗദി സന്ദര്‍ശനത്തിനായി വ്യോമപാത ഉപയോഗിക്കുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷ പാകിസ്ഥാന്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ അന്താരാഷ്ട്ര സംഘടനയെ സമീപിക്കാനൊരുങ്ങുന്നത്.

വിവിഐപിമാരുടെ പ്രത്യേക വിമാനങ്ങള്‍ക്കുള്ള വ്യോമപാത അനുമതി വീണ്ടും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നിഷേധിച്ചതിനെ അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള അനുമതി ഏത് രാജ്യവും തടസ്സം കൂടാതെ നല്‍കി വരുന്നതാണെന്നും സര്‍ക്കാര്‍ പ്രതിനിധി ഫറഞ്ഞു.

യുദ്ധമൊഴികെയുള്ള സാഹചര്യങ്ങളില്‍ വ്യോമപാത അനുമതി നിഷേധിക്കുന്നത് അന്താരാഷ്ട്രവ്യോമയാന സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും വിഷയം അന്താരാഷ്ട്ര വ്യോമയാന സംഘടനയെ അറിയിക്കുമെന്നും ഇന്ത്യ അറിയിച്ചു.

Top