നാലാം ഘട്ട ലോക്ക്ഡൗണ്‍; ഉന്നതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതല യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ വൈകീട്ട് 4.30-നാണ് യോഗം ചേരുക. നാലാം ഘട്ട ലോക്ക്ഡൗണ്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ കാബിനറ്റ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. കോവിഡ്, ലോക്ക്ഡൗണ്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ക്ക് ചുമതലപ്പെടുത്തിയ വകുപ്പ് സെക്രട്ടറിമാര്‍ പ്രധാനമന്ത്രയുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. ഇവരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തേക്കും.

കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച് മൂന്നാം ഘട്ട ലോക്ഡൗണ്‍ മെയ് 17-നാണ് അവസാനിക്കുന്നത്. നാലാംഘട്ട ലോക്ക്ഡൗണ്‍ പുതിയ രൂപത്തിലും നിയമങ്ങള്‍ അനുസരിച്ചാകും പ്രഖ്യാപിക്കുന്നതെന്ന് ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു. കൂടാതെ സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങളും കണക്കിലെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പാക്കേജിന്റെ വിശദാംശങ്ങള്‍ വൈകീട്ട് നാലിന് ധനമന്ത്രി നിര്‍മലാസീതാരാമന്‍ മാധ്യമങ്ങളോട് വിശദീകരിക്കും. ഇതിന് പിന്നാലെയാകും പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം നടക്കുക.

Top