യുഎന്‍ ജനറല്‍ അസംബ്ലിയെ പ്രാധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭാ ജനറല്‍ അസ്സംബ്ലിയുടെ 75-ാം സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അഭിസംബോധന ചെയ്യും. പൊതു ചര്‍ച്ചയില്‍ ആദ്യത്തെ പ്രസംഗം മോദിയുടേതായിരിക്കും. കോവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ആയാണ് ഇത്തവണത്തെ ജനറല്‍ അസ്സംബ്ലി നടക്കുന്നത്. പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുക മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ ആയായിരിക്കും. ശനിയാഴ്ച ഇത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിക്കും.

കോവിഡിനെ പ്രതിരോധിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ അജന്‍ഡ. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യ 150ല്‍ അധികം രാജ്യങ്ങള്‍ക്ക് മരുന്ന് ലഭ്യമാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ആഗോള സഹകരണത്തില്‍ ഇന്ത്യയുടെ സഹകരണം ഉയര്‍ത്തിക്കാട്ടും. തീവ്രവാദത്തിനെതിരായ ആഗോള നടപടികള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി പ്രസംഗത്തില്‍ എടുത്തുപറയുമെന്നാണ് കരുതുന്നത്.

Top