pm-modi-to-address-parivartan-rally-in-dehradun

ഡൊറാഡൂണ്‍: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ എന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഭീകരവാദവും മനുഷ്യക്കടത്തും അധോലോക പ്രവര്‍ത്തനങ്ങളും തകര്‍ക്കാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തരാഖണ്ഡിലെ ഡൊറാഡൂണില്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഞങ്ങള്‍ പറഞ്ഞിരുന്നു, അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന്… അതാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യയിലെ ജനങ്ങളാണ് എന്നെ അതിനു സഹായിക്കുന്നത്. അഴിമതിക്കെതിരായ തന്റെ പോരാട്ടത്തിന് 125 കോടി ജനങ്ങളുടെ പിന്തുണയുണ്ട്” മോദി ചൂണ്ടികാട്ടി.

പാവപ്പെട്ട ജനവിഭാഗത്തിന്റെ ഉന്നമനത്തിനായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നോട്ട് അസാധുവാക്കലിനെതിരെയുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തേയും മോദി ചോദ്യം ചെയ്തു.

കള്ളപ്പണമാണ് രാജ്യത്തെ തകര്‍ക്കുന്നത്. ഞങ്ങള്‍ കള്ളപ്പണക്കാര്‍ക്കെതിരെയാണ് പോരാടുന്നത്. നോട്ട് അസാധുവാക്കല്‍ മൂലം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായെന്ന് അറിയാം. പക്ഷേ, അഴിമതി തടയാന്‍ രാജ്യം ഒരുമിച്ച് നില്‍ക്കുകയാണ്.

ഒരു റാങ്ക് ഒരു പെന്‍ഷന്‍ ആവശ്യവുമായി നമ്മുടെ സൈനികര്‍ നീണ്ട 40 വര്‍ഷം കാത്തിരുന്നു. എന്നാല്‍, ഞങ്ങളുടെ സര്‍ക്കാര്‍ വന്നപ്പോള്‍ നല്‍കിയ വാക്ക് പാലിച്ചു. 10,000 കോടി രൂപയാണ് ഇതിനുവേണ്ടി ബജറ്റില്‍ മാറ്റിവച്ചത്.

മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അഞ്ചു കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാലം മാറുകയാണ്, അതോടൊപ്പം ജനങ്ങളുടെ ചിന്തയും രീതികളും. നല്ലതിനുവേണ്ടി രാജ്യവും മാറും.

1000 ദിവസത്തിനുള്ളില്‍ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുമെന്ന് എന്റെ സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ 12,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ സാധിച്ചു. ഉത്തരാഖണ്ഡ് ഇനിയും വികസനത്തിനായി കാത്തിരിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

മോദിയുടെ പ്രസംഗം ശ്രവിക്കാനായി പതിനായിരക്കണക്കിന് ജനങ്ങളാണ് ഡൊറാഡൂണില്‍ തടിച്ചുകൂടിയത്.

Top