ചരിത്രം തിരുത്തുവാൻ നരേന്ദ്ര മോദി; അസ്തമയ ശേഷം ചെങ്കോട്ടയിൽ . . .

ഡൽഹി: സൂര്യാസ്തമയശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകാൻ നരേന്ദ്രമോദി. ഒമ്പതാം സിഖ് ഗുരു തേഗ് ബഹാദൂറിന്റെ നാനൂറാം ജന്മവാർഷികമായ വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് അദ്ദേഹം ചെങ്കോട്ടയിലെ പുൽത്തകിടിയിൽ രാജ്യത്തെ അഭിസംബോധനചെയ്യും. . ‘മതാന്തര സമാധാനവും സാമുദായിക സാഹോദര്യ’വുമാകും പ്രധാനമന്ത്രിയുടെ പ്രസംഗവിഷയം.

മുഗൾ ഭരണാധികാരി ഔറംഗസേബ് ചെങ്കോട്ടയിൽനിന്നാണ് ഗുരു തേഗ് ബഹാദൂറിനെ വധിക്കാൻ ഉത്തരവിട്ടത്. ഇതാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി ഇവിടം തിരഞ്ഞെടുത്തതെന്ന് സംസ്കാരികമന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു. 1675-ലാണ് തേഗ്‌ ബഹാദൂറിനെ വധിച്ചത്.

സ്വാതന്ത്ര്യദിനത്തിലല്ലാതെ മോദി ചെങ്കോട്ടയിൽ പ്രസംഗിക്കുന്നത് ഇതു രണ്ടാം തവണയാണ്. നേതാജി സുഭാഷ് ചന്ദ്ര ബോസ് ആസാദ് ഹിന്ദ് സർക്കാർ രൂപവത്കരിച്ചതിന്റെ 75-ാം വർഷമായ 2018-ൽ അദ്ദേഹം ചെങ്കോട്ടയിൽ പ്രസംഗിച്ചിരുന്നു. രാവിലെ ഒമ്പതിനായിരുന്നു പ്രസംഗം.

ചെങ്കോട്ടയ്ക്കു തൊട്ടടുത്താണ് ചാന്ദ്നി ചൗക്കിലെ സിസ് ഗഞ്ച് സാഹിബ് ഗുരുദ്വാര. മുഗളർ ഗുരു തേഗ്‌ ബഹാദൂറിനെ വധിച്ച സ്ഥലത്താണ് ഈ ഗുരുദ്വാര. പാർലമെന്റിനടുത്തുള്ള റാകബ് ഗഞ്ച് സാഹിബ് ഗുരുദ്വാര അദ്ദേഹത്തിന്റെ ശവസംസ്കാരംനടന്ന സ്ഥലമാണെന്നും സാംസ്കാരികമന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാനമന്ത്രിമാർ സ്വാതന്ത്ര്യദിനത്തിൽ പ്രസംഗിക്കുന്നത് ചെങ്കോട്ടയുടെ കവാടത്തിലാണ്

Top