PM Modi takes babus to task, calls for strict action on erring customs, excise officials

ന്യൂഡല്‍ഹി: കസ്റ്റംസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ പരാതി വ്യാപകമാവുന്ന സാഹചര്യത്തിലാണ് ഉത്തരവാദികളായ കസ്റ്റംസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുന്നത്.

ഭരണനടപടികള്‍ സുതാര്യമാക്കാനും നിര്‍ണായക പദ്ധതികള്‍ നിരീക്ഷിയ്ക്കാനുമെന്ന് അവകാശപ്പെട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രൂപം നല്‍കിയ പ്രഗതിയുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കസ്റ്റംസ്, എക്‌സൈസ് വകുപ്പുകളെക്കുറിച്ചുള്ള ജനങ്ങളുടെ വലിയ തോതിലുള്ള പരാതികള്‍ പ്രധാനമന്ത്രി യോഗത്തില്‍ ഉന്നയിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്യുന്നതടക്കമുള്ള നടപടികള്‍ ആലോചിയ്‌ക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനായി ഉന്നത തല സമിതിയ്ക്ക് രൂപം നല്‍കണമെന്ന നിര്‍ദ്ദേശം എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുന്നിലും പ്രധാനമന്ത്രി വച്ചു. റോഡ്, റെയില്‍, ജലഗതാഗതം, കല്‍ക്കരി, ഊര്‍ജ്ജം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. വിവിധ പെന്‍ഷനുകള്‍ കൃത്യമായി അര്‍ഹരായവര്‍ക്ക് ലഭിയ്ക്കുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം എല്ലാ മാസവും പ്രധാനമന്ത്രി വിലയിരുത്തും. തീരുമാനങ്ങള്‍ ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കരുതെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കപ്പെടണമെന്നും മോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് ശേഷം പ്രതീക്ഷിയ്ക്കപ്പെടുന്ന മന്ത്രിസഭ പുനസംഘടന കൂടി കണക്കിയാണ് വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത്. മുംബയ് ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്, ഡല്‍ഹി മുംബയ് വ്യവസായ ഇടനാഴി, അലഹബാദില്‍ നിന്ന് ഹാല്‍ദിയയിലേയ്ക്കുള്ള ജല്‍മാര്‍ഗ് വികാസ് പദ്ധതി എന്നിവ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.

Top