സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നില്ല; “മാര്‍ച്ച് 8ന് വനിതകള്‍ എന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യും”

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ അതില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രധാനമന്ത്രി. താന്‍ സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നില്ലെന്നും വനിതാദിനമായ മാര്‍ച്ച് 8ന് വനിതകള്‍ തന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുമെന്നുമാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.

കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ ജീവിതകഥകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാം. ഷെയര്‍ ഇന്‍സ്പയര്‍ അസ് ഹാഷ് ടാഗിലാണ് സ്റ്റോറികള്‍ പോസ്റ്റ് ചെയ്യേണ്ടത്.ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മോദിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ‘കൈകാര്യം’ചെയ്യാം എന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചിരിക്കുന്നത്. ഇത് വനിതാ ദിനത്തില്‍ ലക്ഷക്കണക്കിന് വരുന്ന സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയാണ് സമൂഹമാധ്യമ ഉപയോഗത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തത്. ഫെയ്‌സ്ബുക്ക്‌, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഈ ഞായറാഴ്ച്ച ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നു എന്നും ഇതുവരെയുള്ള പോസ്റ്റുകളും ഫോളോവേഴ്‌സിനെയും നിലനിര്‍ത്തുമെന്നുമാണ് മോദി ട്വീറ്റ് ചെയ്തത്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് നിരവധി ഊഹാപോഹങ്ങളും ഉയര്‍ന്നിരുന്നു.സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Top