പാക്ക് വ്യോമപരിധിയില്‍ പ്രവേശിക്കാതെ മോദി ഇന്ന് കിര്‍ഗിസ്ഥാനിലേക്ക്; യാത്ര ഒമാന്‍ വഴി

ബിഷ്‌കേക്: എസ്സിഒ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പാക്ക് വ്യോമപരിധിയില്‍ പ്രവേശിക്കാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കേകിലേക്ക് പോകും. ബാലാകോട്ട് മിന്നലാക്രമണത്തിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപരിധിയില്‍ പ്രവേശനം നിഷേധിച്ചിരുന്നതിനാലാണ് പ്രധാനമന്ത്രി മറ്റൊരു പാത തിരഞ്ഞെടുത്തത്.

ഉച്ചയോടെയാണ് മോദി കിര്‍ഗിസ്ഥാനിലെത്തും അവിടെവെച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും. ഷീ ജിന്‍പിങിന് പുറമെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സോറന്‍ബോയ് ജീന്‍ബെകോവിനെയും മോദി കാണും. തുടര്‍ന്ന് കിര്‍ഗിസ്ഥാനിലെ സാംസ്‌കാരിക പരിപാടികളിലും അദ്ദേഹം സന്നിഹിതനാകും. ചര്‍ച്ചകള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ച പാക്കിസ്ഥാന്റെ ആവശ്യങ്ങള്‍ക്ക് ഇതുവരെ മറുപടി നല്‍കാത്ത ഇന്ത്യ ബിഷ്‌കേകില്‍ എത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്താനും തയ്യാറായിട്ടില്ല.

ബാലക്കോട്ട് സംഭവത്തിന് ശേഷം പാക്ക് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യന്‍ വ്യോമസേന മെയ് 31ന് നീക്കിയിരുന്നു. എന്നാല്‍ വാണിജ്യ സര്‍വ്വീസുകള്‍ക്ക് പാക്ക് ആകാശത്ത് പ്രവേശിക്കുന്നതിനുള്ള വിലക്ക് പാക്കിസ്ഥാന്‍ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് യാത്രാനുമതി നല്‍കണമെന്ന അപേക്ഷ പാക്ക് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തതിരുന്നു. തൊട്ടടുത്ത ദിവസമാണ് വിദേശകാര്യ മന്ത്രാലയം ഈ ഇളവ് വേണ്ടെന്ന് പറഞ്ഞത്. സാധാരണ യാത്രക്കാര്‍ക്ക് നല്‍കാത്ത സേവനം ഇന്ത്യന്‍ പ്രധാനമന്ത്രി തേടുന്നതിനെതിരെ പരസ്യ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു ഈ തീരുമാനം.

Top