കര്‍ഷക ബില്ല്: പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിറ്റാണ്ടുകള്‍ക്കിടെ ഇതാദ്യമായാണ് ഒരു കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മറ്റ് പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്കും ഗുണകരമായ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീനദയാല്‍ ഉപാധ്യായയുടെ 104-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലെത്താന്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് പല സര്‍ക്കാരും അധികാരത്തിലെത്തുന്നത്. എന്നാല്‍ ഈ സര്‍ക്കാരുകളൊന്നും അവര്‍ക്കു വേണ്ടി കാര്യമായി ഒന്നും തന്നെ ചെയ്തില്ലെന്നും അതു മനസ്സിലാക്കാന്‍ കര്‍ഷകര്‍ക്കോ തൊഴിലാളികള്‍ക്കോ സാധിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പതിറ്റാണ്ടുകള്‍ക്കിടെ ഇതാദ്യമായാണ് അവര്‍ക്ക് അനുകൂലമായൊരു നിയമം വരുന്നത്. ആഗ്രഹിക്കുന്ന വിലയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതില്‍ നിന്ന് കര്‍ഷകരെ പല നിയമങ്ങളും തടഞ്ഞു. കര്‍ഷകരുടെ ഉത്പാദനം വര്‍ധിച്ചുവെങ്കിലും അവരുടെ വരുമാനം കൂടാതിരിക്കാന്‍ ഇത് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top