പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്; കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല

ന്യൂഡല്‍ഹി: കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തിന് സംസാരിക്കാന്‍ അവസരമില്ല.ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചു.

പഞ്ചാബ്, ത്രിപുര, ഗോവ, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് തുടങ്ങിയ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് ഇന്ന്
സംസാരിക്കാന്‍ അനുമതി. നാളെ മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, കര്‍ണാടക എന്നിവയ്ക്ക് നാളെയും അവസരം നല്‍കും.

നേരത്തെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 21 മുഖ്യമന്ത്രിമാരുമായി ഇന്നും 15 മുഖ്യമന്ത്രിമാരുമായി നാളെയും പ്രധാനമന്ത്രി ചര്‍ച്ചനടത്തുമെന്നാണ് അറിയിച്ചിരുന്നത്.രോഗവ്യാപനം കുറവുള്ള സംസ്ഥാനങ്ങളെ ഇന്നും കൂടുതലുള്ള സംസ്ഥാങ്ങളെ നാളെയും എന്ന രീതിയിലാണ് തരംതിരിച്ചിരുന്നത്.

അതേസമയം കേരളത്തെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിഷേധം രേഖപ്പെടുത്തി. എല്ലാം മുഖ്യമന്ത്രിമാര്‍ക്കും പറയാന്‍ അവസരം നല്‍കണമെന്നും എല്ലാവരെയും ഒരുമിച്ച് വിളിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് രണ്ടു ദിവസത്തെ യോഗം തുടങ്ങുന്നത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കാനുള നടപടികള്‍ തുടങ്ങിയ ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തും. ചികിത്സാ സൗകര്യം കൂട്ടാനുള്ള നടപടികളും യോഗം വിലയിരുത്തും.

Top