ബിജെപിക്ക് വോട്ട് ചെയ്ത് രാജ്യത്തെ കൂടുതല്‍ ശക്തമാക്കു; കന്നി വോട്ടര്‍മാരോട് മോദി

ലാത്തൂര്‍ (മഹാരാഷ്ട്ര): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് ചെയ്യാനെത്തുന്ന കന്നി വോര്‍ട്ടര്‍മാരോട് അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത് രാജ്യത്തെ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നിര്‍ണായകമായ നടപടിയുടെ ഭാഗമാകാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയാണ് മോദി അഭ്യര്‍ത്ഥന നടത്തിയത്.

നിങ്ങള്‍ക്ക് ഇപ്പോള്‍ 18 വയസ്സ് പിന്നിട്ടിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ വോട്ട് രാജ്യത്തിനുവേണ്ടി നല്‍കണം. രാജ്യത്തെ ശക്തമാക്കുന്നതിന്, ശക്തമായ ഒരു സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തണം മോദി അഭ്യര്‍ഥിച്ചു.പാവപ്പെട്ടവന് ഒരു വീട് ഉറപ്പുവരുത്തുന്നതിനായി നിങ്ങളുടെ ജീവിതത്തിലെ ആദ്യ വോട്ട് രേഖപ്പെടുത്താന്‍ നിങ്ങള്‍ തയ്യാറാണോ? കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് കന്നി വോട്ട് രേഖപ്പെടുത്താന്‍ തയ്യാറുണ്ടോ? അദ്ദേഹം ചോദിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ടില്‍ വ്യോമാക്രമണത്തെ മുന്‍നിര്‍ത്തിയും കന്നി വോട്ടര്‍മാരോട് പ്രധാനമന്ത്രി വോട്ട് അഭ്യര്‍ഥിച്ചു. വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേന പൈലറ്റുമാര്‍ക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തണമെന്നും മോദി കന്നി വോട്ടര്‍ മാരോടായി പറഞ്ഞു.

Top