കൊവിഡ് പ്രതിരോധം; മുന്‍ രാഷ്ട്രപതിമാരോടും പ്രധാനമന്ത്രിമാരോടും ചര്‍ച്ച നടത്തി മോദി

ന്യൂഡല്‍ഹി: കൊവിഡ് കേസുകളുടെ എണ്ണം മൂവായിരം കടന്ന സാഹചര്യത്തില്‍ കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ രണ്ടു മുന്‍ രാഷ്ട്രപതിമാരെയും പ്രധാനമന്ത്രിമാരെയും ചര്‍ച്ച നടത്തി. ടെലിഫോണ്‍ കോളിലൂടെയായിരുന്നു പ്രധാനമന്ത്രി ഇവരുമായി ചര്‍ച്ച നടത്തിയത്.

മുന്‍ രാഷ്ട്രപതിമാരായ പ്രണബ് മുഖര്‍ജി, പ്രതിഭ പാട്ടീല്‍, മുന്‍ പ്രധാനമന്ത്രിമാരായിരുന്ന മന്‍മോഹന്‍സിങ്, ദേവ ഗൗഡ എന്നിവരുമായാണ് മോദി ചര്‍ച്ച നടത്തിയത്.

ടെലഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കോവിഡ് 19നെതിരായ പോരാട്ടങ്ങള്‍ക്ക് ഒരു വിശാലാടിസ്ഥാനത്തിലുള്ള ഒരു സംയുക്ത തന്ത്രം ആവിഷ്‌കരിക്കരിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നടന്നതെന്നാണ് സൂചനകള്‍. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തതായി സൂചനയുണ്ട്.

ഇതിന് പുറമേ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, സമാജ്വാദി പാര്‍ട്ടി ഗോത്രപിതാവ് മുലായം സിംഗ്, എസ്പി മേധാവി അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി ബിജെഡി മേധാവി നവീന്‍ പട്‌നായിക്, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ഡിഎംകെ മേധാവി എം കെ സ്റ്റാലിന്‍, ശിരോമണി അകാലിദള്‍ ഗോത്രപിതാവ് പ്രകാശ് സിംഗ് ബാദല്‍ എന്നിവരുമായും മോദി ഫോണില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം.

കൊവിഡ് ശൃംഖലയെ തകര്‍ക്കാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ദേശീയ ലോക്ക് ഡൗണ്‍ 11 ദിവസം ഇന്ത്യ പൂര്‍ത്തിയാക്കുന്ന സമയത്താണ് വിവിദ കക്ഷി നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരിക്കുന്നത്.

Top