കടല്‍ത്തീരം ക്ലീന്‍ ചെയ്യുന്ന സമയത്ത് കയ്യില്‍ കരുതിയത് എന്ത്? രഹസ്യം തുറന്ന് പറഞ്ഞ് മോദി

ചെന്നൈ: ഇന്ത്യ-ചൈന രണ്ടാം അനൗദ്യോഗിക ഉച്ചകോടിയ്ക്ക് തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഭാത സവാരിയ്ക്കിടെ മഹാബലിപുരത്തെ കടല്‍തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ചിത്രവും വീഡിയയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോദി തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ചിത്രം വൈറലായതോടെ നിരവധി ആളുകളുടെ ചോദ്യം മോദിയുടെ കൈയ്യിലെന്താണെന്നായിരുന്നു.

ഇപ്പോഴിതാ ചോദ്യത്തിന് ഉത്തരവുമായി മോദി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് മോദിമറുപടി നല്‍കിയത്. അക്യു പ്രഷര്‍ റോളര്‍ എന്ന ഉപകരണമാണ് കയ്യില്‍ കരുതിയതെന്നും താനിത് സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു. ഇതിന്റെ ചിത്രങ്ങളും മോദി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഇന്നലെ മുതല്‍ നിരവധി ആളുകളാണ് മഹാബലിപുരം കടല്‍ത്തീരത്ത് കൂടി നടക്കുമ്പോള്‍ ഞാന്‍ കയ്യില്‍ കരുതിയ ഉപകരണത്തെ കുറിച്ച് ചോദിക്കുന്നത്. അത് അക്യു പ്രഷര്‍ റോളര്‍ എന്ന ഉപകരണമാണ്. ഞാന്‍ സ്ഥിരമായി ഉപോഗിക്കുന്ന ഈ ഉപകരണം വളരെ ഉപയോഗകപ്രദമായി അനുഭവപ്പെട്ടിട്ടുണ്ട്- മോദി കുറിച്ചു.

പരമ്പരാഗത ചൈനീസ് ഉപകരണമാണ് അക്യു പ്രഷര്‍ റോളര്‍. നാഡികളെ ഉത്തേജിപ്പിക്കുന്ന ഇത് രക്ത സഞ്ചാരം വര്‍ധിപ്പിക്കാനും കൂടുതല്‍ ഊര്‍ജസ്വലനാക്കാനും സഹായിക്കും.

അതേസമയം കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ ക്ലീന്‍ ചെയ്യുന്ന മോദിയുടെ വീഡിയോ കണ്ട് പരിഹാസവുമായി നടന്‍ പ്രകശ് രാജ് രംഗത്ത് വന്നിരുന്നു.

‘എവിടെയാണ് നമ്മുടെ നേതാവിന്റെ സുരക്ഷ? പ്രദേശം വൃത്തിയാക്കാന്‍ അദ്ദേഹത്തെ, ഒറ്റയ്ക്ക് ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിന്? വിദേശത്ത് നിന്ന് ഒരു സംഘം എത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രദേശം വൃത്തിയാക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധകൃതര്‍ക്ക് എങ്ങനെ ധൈര്യം വന്നു’- എന്നായിരുന്നു പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്.

Top