ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ മൂന്ന് ദ്വീപുകള്‍ക്ക് പുതിയ പേരിട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ മൂന്ന് ദ്വീപുകള്‍ക്ക് പുതിയ പേരുകള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. റോസ്, നെയ്ല്‍, ഹാവ്ലോക് ദ്വീപുകള്‍ക്കാണ് പ്രധാനമന്ത്രി പുതിയ പേരുകള്‍ നല്‍കിയത്. പോര്‍ട്ട് ബ്ലെയര്‍ സന്ദര്‍ശന വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പേരുകള്‍ പ്രഖ്യാപിച്ചത്.

റോസ് ദ്വീപ് ഇനി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നും, നെയ്ല്‍ ഇനി ഷഹീദ് ദ്വീപ് എന്നും, ഹാവ്ലോക്ക് സ്വരാജ് ദ്വീപ് എന്നും ഔദ്യോഗികമായി അറിയപ്പെടും.

സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി 150 മീറ്റര്‍ ഉയരത്തില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പതാക ഉയര്‍ത്തി.

സന്ദര്‍ശനത്തിന്റെ ഭാഗമായി ആന്‍ഡമാന്‍ ദ്വീപുകള്‍ക്കായി പ്രധാനമന്ത്രി നിരവധി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ആന്‍ഡമാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ വിശദമായ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സുനാമി സ്മാരകത്തില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം 2004 ലെ സുനാമിയില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ കാലത്തെ കുപ്രസിദ്ധമായ കാലാപാനി ജയിലും അദ്ദേഹം സന്ദര്‍ശിച്ചു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാന്‍കാര്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് പിടിച്ചെടുത്തപ്പോള്‍ നേതാജിയാണ് അവിടെ കൊടി ഉയര്‍ത്തിയതെന്നും അന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന് ശെഹീദ് എന്നും സ്വരാജ് എന്നും പേരിടണമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും അത് നടപ്പിലാക്കാനാണ് ശ്രമം എന്നുമാണ് ബിജെപി അവകാശപ്പെടുന്നത്.

Top