പ്രതിഷേധ പ്രകടനങ്ങളുടെ ശക്തി കണ്ട് പ്രധാനമന്ത്രി കിടുങ്ങിപ്പോയി: സിപിഎം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവെക്കുന്നതുവരെ പ്രതിഷേധ പരിപാടികളുമായി ഇടതുപക്ഷം മുന്നോട്ടുപോകുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയുമുള്ള പ്രതിഷേധ പ്രകടനങ്ങളുടെ ശക്തി കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കിടുങ്ങിപ്പോയെന്നും സിപിഎം പറഞ്ഞു.

എന്‍.ആര്‍.സി., സി.എ.എ.,എന്‍.പി.ആര്‍ എന്നിവയ്ക്കെതിരായ പ്രതിഷേധ പ്രകടനങ്ങളുടെ രൂക്ഷതയും പത്തോളം മുഖ്യമന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പറഞ്ഞതും അക്ഷരാര്‍ഥത്തില്‍ മോദിയെ നടുക്കിയിരിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഒരുകെട്ട് നുണകളാണ് ഞായറാഴ്ച നടന്ന റാലിയില്‍ മോദി പറഞ്ഞത്.

മുസ്ലീങ്ങള്‍ക്കായി രാജ്യത്ത് എവിടെയും അഭയകേന്ദ്രങ്ങളില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം നുണയാണെന്നും സിപിഎം പറയുന്നു. സംസ്ഥാനത്ത് അനധികൃതമായി കുടിയേറിവരെ പാര്‍പ്പിക്കുന്നതിനായി അഭയ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി ഡിസംബര്‍ 11ന് ആഭ്യന്തരമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കിയതാണ്. അസമിലെ അഭയ കേന്ദ്രത്തില്‍ 28 പേര്‍ മരണപ്പെട്ടെന്ന് 2019 നവംബറില്‍ രാജ്യസഭയില്‍ ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലുളള കര്‍ണാടക മുതലായ സംസ്ഥാനങ്ങളില്‍ അഭയ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ഇതിനകം നിര്‍ദേശം കൊടുത്തുകഴിഞ്ഞുവെന്നും സിപിഎം പറഞ്ഞു.

 

 

Top