ഇന്ത്യയുടെ ശക്തി നാനാത്വത്തില്‍ ഏകത്വം; നുണ പ്രചാരണങ്ങളെ തള്ളി പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ശക്തി നാനാത്വത്തില്‍ ഏകത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നുണ പ്രചരിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹി രാംലീല മൈതാനിയില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്നും നിയമം പാസാക്കിയ പാര്‍ലമെന്റിനെ ആദരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

40 ലക്ഷത്തോളം വരുന്ന ഡല്‍ഹിയിലെ അനധികൃത കോളനി നിവാസികള്‍ക്ക് സര്‍ക്കാര്‍ ഭൂമിയിലുള്ള ഇടമസ്ഥാവകാശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അപ്പോള്‍ ഒന്നും ആരും മതം ഏതെന്ന് ചോദിച്ച് വന്നിട്ടില്ലല്ലോ. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും നല്‍കിയപ്പോഴും ആരും എതിര്‍ത്ത് വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ പക്ഷാഭേദം കാട്ടിയെന്നതില്‍ തെളിവുണ്ടെങ്കില്‍ കൊണ്ടുവരാന്‍ വെല്ലുവിളിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ രാജ്യത്തെ മുസ്ലീം സഹോദരങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്.

രാജ്യത്ത് അരാജകത്വമുണ്ടാക്കാന്‍ പ്രതിപക്ഷം ഗൂഢാലോചന നടത്തി. വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ചു. നികുതിദായകന്റെ പണം പാഴാക്കി. ഇന്ത്യയെ ലോകമെങ്ങും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും മോദി ആരോപിച്ചു. പ്രക്ഷോഭങ്ങള്‍ക്കുപിന്നിലുള്ളവരുടെ ലക്ഷ്യം രാജ്യം തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനേയും മോദി പരോക്ഷമായി വിമര്‍ശിച്ചു. ഇതുവരെയും ഡല്‍ഹിയിലെ ജനങ്ങള്‍ വ്യാജ വാഗ്ദാനങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി അധികാരത്തിലുള്ളവര്‍ ഒന്നും ചെയ്തിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 

 

Top