യുവാക്കളുടെ അടികൊള്ളാന്‍ എന്റെ ശരീരം തയ്യാര്‍; രാഹുലിന് മറുപടിയുമായി മോദി

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി യുവാക്കളുടെ മര്‍ദനമേറ്റുവാങ്ങേണ്ടി വരുമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് ലോക്‌സഭയില്‍ മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.യുവാക്കളുടെ അടികൊള്ളാന്‍ തന്റെ ശരീരം തയ്യാറാണെന്ന് മോദി പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു കോണ്‍ഗ്രസ് നേതാവ് ആറ് മാസത്തിനുള്ളില്‍ പ്രധാനമന്ത്രിയെ യുവാക്കള്‍ വടിയെടുത്ത് അടിക്കുമെന്ന് പറയുന്നത് കേട്ടു. ആ ആറുമാസം ഞാന്‍ കൂടുതല്‍ സൂര്യനമസ്‌കാരം ചെയ്യും എന്നിട്ട് അവരുടെ പ്രഹരങ്ങള്‍ ഏറ്റുവാങ്ങാന്‍ എന്റെ ശരീരത്തെ കരുത്തുള്ളതാക്കും. കഴിഞ്ഞ 20 വര്‍ഷമായി നിങ്ങളുടെ പ്രഹരങ്ങള്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.’ രാഹുല്‍ ഗാന്ധിക്ക് മറുപടിയായി മോദി പറഞ്ഞു.

വെളളിയാഴ്ച ഡല്‍ഹിയില്‍ ഒരു റാലിയില്‍ സംസാരിക്കവെയാണ് ചെറുപ്പക്കാരുടെ മര്‍ദനം ഏറ്റുവാങ്ങാന്‍ മോദി തയ്യാറായിക്കൊള്ളൂവെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയത്.

‘പ്രധാനമന്ത്രി ഇപ്പോള്‍ പ്രസംഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആറുമാസങ്ങള്‍ക്ക് ശേഷം, അദ്ദേഹത്തിന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല. ഇന്ത്യയിലെ യുവാക്കള്‍ അദ്ദേഹത്തെ വടി ഉപയോഗിച്ച് പ്രഹരിക്കും. അവര്‍ക്ക് ജോലി നല്‍കാനായില്ലെങ്കില്‍ രാജ്യം പുരോഗതിയിലെത്തില്ലെന്ന് അദ്ദേഹത്തെ മനസ്സിലാക്കിപ്പിക്കും.’ – എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

Top