‘വേണം, നമുക്കതുപോലൊരു കൂട്ടുകെട്ട് വീണ്ടും’; യുവി-കൈഫുമാര്‍ക്ക് മോദിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: പ്രധാനമന്തി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച മുന്‍ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് കൈഫിനും യുവരാജ് സിങ്ങിനും റീട്വീറ്റ് ചെയ്ത് മോദി. ‘വേണം, നമുക്കതുപോലൊരു കൂട്ടുകെട്ട് വീണ്ടും’ എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കണ്ട് എക്കാലത്തേയും മികച്ചൊരു കൂട്ടുകെട്ടിലൂടെ നാറ്റ്വെസ്റ്റ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച താരങ്ങളായിരുന്നു ഇരുവരും. ഇന്ത്യയും കൊറോണ ഭീതിയില്‍ ഉഴലുമ്പോഴാണ് പ്രധാന മന്ത്രി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിന് ഇരു താരങ്ങളും ട്വിറ്ററിലൂടെ പിന്തുണ പ്രഖ്യാപിച്ചത്. തുടര്‍ന്ന് താരങ്ങള്‍ക്ക് മോദി റീ ട്വീറ്റ് ചെയ്യുകയായിരുന്നു.

മാര്‍ച്ച് 22ന് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ആരും പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ‘ജനതാ കര്‍ഫ്യൂ’വിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പിന്തുണയറിയിച്ച് സിനിമാ, കായിക രംഗത്തെ നിരവധി താരങ്ങള്‍ നേരത്തെ രംഗത്തെത്തിയിരിന്നു.

യുവിയും കൈഫും ജനത കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചതിന് പുറമെ കൊറോണയെ ചെറുക്കാന്‍ജനങ്ങള്‍ക്ക് ബോധവത്കരണവും നല്‍കിയിരുന്നു. ഇരുവരുടേയും ട്വീറ്റ് റീട്വീറ്റ് ചെയ്ത് മോദി കുറിച്ചത് ഇങ്ങനെയാണ്..

‘നാം എക്കാലവും ഓര്‍മിക്കുന്ന കൂട്ടുകെട്ടു സമ്മാനിച്ച രണ്ട് മികച്ച താരങ്ങളിതാ. അവര്‍ ഓര്‍മിപ്പിച്ചതുപോലെ, ഇത് മറ്റൊരു കൂട്ടുകെട്ടിനുള്ള സമയമാണ്. ഇത്തവണ, കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഒന്നാകെയാണ് കൂട്ടുകെട്ടു തീര്‍ക്കുന്നത്’ മോദി കുറിച്ചു.

‘രാജ്യത്തെ ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ ജനതാ കര്‍ഫ്യൂവിനായി തയ്യാറെടുക്കുക, അവശ്യസാധനങ്ങള്‍ക്കായി തിക്കും തിരക്കും കൂട്ടി പരിഭ്രാന്തി സൃഷ്ടിക്കരുത്. ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്വത്തോടെ തമ്മില്‍ ക്ഷേമം ഉറപ്പുവരുത്തേണ്ട സമയമാണിത്’, മുഹമ്മദ് കൈഫ് ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരാന്‍ യുവരാജ് സിങ്ങും ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

18 വര്‍ഷം മുന്‍പാണ് യുവി-കൈഫ് കൂട്ടുകെട്ട് ഇന്ത്യയെ നാറ്റ്വെസ്റ്റ് ഫൈനലില്‍ വിജയതീരത്തു എത്തിച്ചത്. അന്ന് ഇംഗ്ലീഷ് പടയെ ആയിരുന്നു ഇന്ത്യമുട്ടുക്കുത്തിച്ചത്.
ആദ്യം ബാറ്റു ചെയ്ത് ഇംഗ്ലണ്ട് ഇന്ത്യയ്ക്കു മുന്നില്‍ ഉയര്‍ത്തിയത് 326 റണ്‍സ് വിജയലക്ഷ്യമായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എന്ന നിലയില്‍ തകരുമ്പോഴാണ് യുവിയും കൈഫും ക്രീസില്‍ ഒന്നിച്ചത്.
ഈ ജോടി വന്‍തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റി. 69 റണ്‍സെടുത്താണ് യുവി മടങ്ങിയത്. എന്നാല്‍ വാലറ്റത്തെ കൂട്ടുപിടിച്ച് കൈഫ് തിരിച്ചടിച്ചു.

Top