‘പരീക്ഷാ പേ ചര്‍ച്ച’ ; കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: സാങ്കേതിക വിദ്യകള്‍ നമ്മുടെ നിയന്ത്രണത്തിലായിരിക്കണം,അവ ഒരിക്കലും നമ്മുടെ സമയം നശിപ്പിക്കുന്നതായിരിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വീട്ടിലെ ഒരു മുറി എങ്കിലും ‘ടെക്‌നോളജി ഫ്രീ’ ആയിരിക്കണം. സാങ്കേതിക ഉപകരണങ്ങളൊന്നും ആ മുറിയില്‍ പ്രവേശിപ്പിക്കാതെ നോക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി കുട്ടികളോടു സംവേദിക്കുന്ന ‘പരീക്ഷാ പേ ചര്‍ച്ച’ എന്ന പരിപാടിയിലാണ് മോദിയുടെ ഈ അഭിപ്രായം.

രാവിലെ നേരത്തേ എഴുന്നേല്‍ക്കുക. മഴയ്ക്കു ശേഷമുള്ള ആകാശം പോലെയായിരിക്കും അപ്പോള്‍ മനസ്സ്. സൂര്യന്‍ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും പക്ഷികളുടെ ശബ്ദം പോലും വ്യത്യസ്തമായിരിക്കുമെന്നും മോദി പറഞ്ഞു. ഇക്കാര്യത്തില്‍ കുട്ടികളെ ഉപദേശിക്കാന്‍ 50 ശതമാനം മാത്രമാണ് എനിക്ക് അധികാരമുള്ളതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

‘പരീക്ഷയില്‍ ലഭിക്കുന്ന മികച്ച മാര്‍ക്കു മാത്രമല്ല എല്ലാത്തിന്റേയും അടിസ്ഥാനം. പാഠ്യേതര വിഷയങ്ങളിലും സജീവമാകണം. അല്ലെങ്കില്‍ നമ്മള്‍ റോബോട്ടിനെ പോലെ ആയിത്തീരും. നൂതന സാങ്കേതിക വിദ്യകളില്‍ അവഗാഹമുണ്ടാകണം. പക്ഷേ അത് നമ്മുടെ ജീവിതം നിയന്ത്രിക്കുന്ന രീതിയിലാവരുത്’- മോദി ഓര്‍മിപ്പിച്ചു.

ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം കുട്ടികളുമായി മോദി സംവദിച്ചു. പരീക്ഷ ഭയം, പരീക്ഷ സമയത്തെ സമ്മര്‍ദ്ദം തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. കുട്ടികള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പ്രധാന മന്ത്രി ഉത്തരം നല്‍കുകയും ചെയ്തു.

Top