ഇന്ത്യയുടെ പ്രധാനമന്ത്രി ലോകത്തിലെ മികച്ച നേതാവ്; അമേരിക്കന്‍ ശതകോടീശ്വരന്‍

സൗദി അറേബ്യയുടെ സുപ്രധാന വാര്‍ഷിക നിക്ഷേപ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ റെയ് ഡാലിയോ. ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന് ശതകോടീശ്വരനായ ബിസിനസ്സ് മേധാവി പ്രശംസിച്ചു.

‘എന്റെ അഭിപ്രായത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി മോദി ഏറ്റവും മികച്ച ലോകനേതാക്കളില്‍ ഒരാളാണ്’, ഡാലിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ബ്രിഡ്ജ്‌വാട്ടര്‍ അസോസിയേറ്റ്‌സ് സ്ഥാപകനും, സഹ ചെയര്‍മാനും, ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ സഹമേധാവിയുമാണ് റെയ് ഡാലിയോ.

മരുഭൂമിയിലെ ദാവോസ് എന്നറിയപ്പെടുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിലാണ് ഡാലിയോ വേദിയില്‍ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തിയത്. ഇന്ത്യയില്‍ നിരവധി സുപ്രധാന ദൗത്യങ്ങള്‍ നിര്‍വ്വഹിച്ച മോദിയെ ഡാലിയോ പ്രശംസിച്ചു. ‘താങ്കള്‍ രാജ്യത്തെ പാവങ്ങളെയോ, പണക്കാരെയോ പ്രതിനിധാനം ചെയ്യുന്നതിന് പകരം അവരെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്’, അമേരിക്കന്‍ നിക്ഷേപകന്‍ പറഞ്ഞു.

500 മില്ല്യണ്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കി, വെള്ളം എത്തിച്ചു, ഇതെല്ലാമാണ് ആളുകളുടെ ജീവിതങ്ങളെ മാറ്റുന്നതും ഒരുമിപ്പിക്കുന്നതും. താങ്കള്‍ ഒരു വലിയ സാമ്പത്തിക പുരോഗമനത്തിനുള്ള വേദി ഒരുക്കുകയാണ്, പ്രധാനമന്ത്രി മോദിയുടെ നേട്ടങ്ങളെക്കുറിച്ച് ഡാലിയോ കൂട്ടിച്ചേര്‍ത്തു.

Top