2023 ഒളിമ്പിക്‌സ് കമ്മിറ്റി സെഷന്‍ ഇന്ത്യയില്‍ നടക്കുന്നത് ഗുണകരമായ മാറ്റം കൊണ്ടുവരും: പ്രധാനമന്ത്രി

ഡല്‍ഹി: അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി യുടെ 2023 സെഷന്‍ നടത്താന്‍ മുംബൈയെ എതിരില്ലാതെ തെരഞ്ഞെടുത്തതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ തീരുമാനം ലോകകായിക രംഗത്തില്‍ ഗുണകരമായ മാറ്റം കൊണ്ടുവരുമെന്നും സെഷന്‍ ഓര്‍മിക്കപ്പെടുന്നതായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

ബീജിങ്ങില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിനൊപ്പം നടന്ന 139-ാമത് ഐഒസി സെഷനിലാണ് ഈ സുപ്രധാന പ്രഖ്യാപനം വന്നത്. നാല് പതിറ്റാണ്ടിനിടെ ആദ്യമായായാണ് 2023ല്‍ നടക്കുന്ന ഐഒസി സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. 1983ലാണ് അവസാനമായി ഇന്ത്യ ഐഒസിയോഗത്തിന് ആതിഥേയത്വം വഹിച്ചത്. ഇത് ഇന്ത്യയുടെ യുവജനതയും ഒളിമ്പിക്‌സ് പ്രസ്ഥാനവും തമ്മില്‍ ബന്ധമുണ്ടാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി സെഷന്‍ ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങളിലേക്കുള്ള സുപ്രധാന വഴിത്തിരിവാണെന്ന് ഐഒസി അംഗം നിത അംബാനി പറഞ്ഞു.
101 വോട്ടിംഗ് അംഗങ്ങളും 45 ഓണററി അംഗങ്ങളും അടങ്ങുന്ന ഐഒസി അംഗങ്ങളുടെ വാര്‍ഷിക യോഗത്തിലാണ് ഏകകണ്ഠമായാണ് തീരുമാനമെടുത്തത്

 

Top