രാഹുലിനു പിന്നാലെ നരേന്ദ്രമോദിയും അങ്കത്തിന് ദക്ഷിണേന്ത്യയിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ രാഹുല്‍ ഗാന്ധിക്ക് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. ഇതില്‍ ഒരു മണ്ഡലം ദക്ഷിണേന്ത്യയിലായിരിക്കുമെന്നാണ് സൂചന. കര്‍ണാടകയിലെ ബംഗളൂരു സൗത്ത് പരിഗണയിലെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയില്‍ മോദി മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ബിജെപി നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും മോദി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. വാരാണസി,​ വഡോദര എന്നീ മണ്ഡലങ്ങളായിരുന്നു അത്. രണ്ടിലും ജയിച്ചെങ്കിലും വരാണസി നിലനിര്‍ത്തി.

അതേസമയം ബെംഗളൂരു സൗത്ത് മണ്ഡലം ഒഴിവാക്കിയാണ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തുവിട്ടത്. 1991 മുതല്‍ ബിജെപിയെ കൈവിടാത്ത മണ്ഡലമാണ് ഇത്. 2018 നവംബറില്‍ അന്തരിച്ച കേന്ദ്രമന്ത്രി അനന്തകുമാറാണ് കാലങ്ങളായി ബെംഗളൂരു സൗത്തിനെ പ്രതിനിധീകരിച്ചിരുന്നത്. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനന്ത്കുമാറിന്‍റെ ഭാര്യ തേജസ്വിനി മത്സരിക്കുമെന്നായിരുന്നു ആദ്യംപുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇതനുസരിച്ച് തേജസ്വിനി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. ഇതിനിടെയാണ് മോദിയെ ബെംഗളൂരു സൗത്തില്‍ മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

Top