ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര നേടിയവരുടെ പേരിട്ട് പ്രധാനമന്ത്രി

ഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിൽ ആൻഡമാൻ നിക്കോബാറിലെ പേരിടാത്ത ദ്വീപുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രേ മോദി പേരിട്ടു. പരംവീർ ചക്ര നേടിയവരുടെ പേരുകളാണ് ഈ ദ്വീപുകൾക്ക് നൽകിയത്.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിലുള്ള ദ്വീപിൽ നിർമിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു. ചടങ്ങിൽ ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തു. രാജ്യത്തിന് ഇത് ചരിത്ര മൂഹൂർത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ത്രിവർണ പതാക ആദ്യമായി ഉയർത്തിയ നാടാണ് ആൻഡമാൻ. സ്വതന്ത്ര ഇന്ത്യയുടെ സർക്കാർ ആദ്യം രൂപികൃതമായ സ്ഥലമാണിതെന്നും മോദി പറഞ്ഞു. വീർ സവർക്കർ ഉൾപ്പടെ, രാജ്യത്തിന് വേണ്ടി പോരാടിയ നിരവധി പേർ ഇവിടെ തടങ്കലിലാക്കപ്പെട്ടുവെന്നും മോദി പറഞ്ഞു

1947 നവംബർ 3-ന് ശ്രീനഗർ എയർപോർട്ടിന് സമീപം പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരോട് പോരാടുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട ആദ്യത്തെ പരമവീർ ചക്ര അവാർഡ് ജേതാവായ മേജർ സോമനാഥ് ശർമ്മയുടെ പേരിലാണ് പേരിടാത്ത ഏറ്റവും വലിയ ദ്വീപിന് നൽകിയിരിക്കുന്നത്.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 2021ൽ ജനുവരി 23 പരാക്രം ദിവസായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2018 ൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സന്ദർശിച്ച വേളയിൽ നരേന്ദ്ര മോദി റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് പുനർനാമകരണം ചെയ്തിരുന്നു.

Top