ജി 20 ഉച്ചകോടി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ മോദി കണ്ടേക്കും

ഡൽഹി : ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടേക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനേയും കാണാൻ ശ്രമിക്കുന്നു എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നാളെയാണ് ഇക്കാര്യത്തിൽ തീരുമാനമാകുക. അതേസമയം സൗദി രാജകുമാരൻറെ ഇന്ത്യ സന്ദർശനം മാറ്റി വച്ചു. ഇന്ത്യയിലെത്തി ഇവിടെ നിന്ന് ജി20 ഉച്ചകോടി നടക്കുന്ന ഇന്തോനേഷ്യയിലെ ബാലിയേക്ക് പോകാമെന്നാണ് ആദ്യ തീരുമാനം. എന്നാൽ ഇത് മാറ്റിവെക്കുകയായിരുന്നു. മറ്റൊരു ദിവസം അദ്ദേഹം ഇന്ത്യയിലെത്തും.

എന്നാൽ നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി 20 ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്ക് പോകുന്നത്. ഇത്തവണത്തെ ഉച്ചകോടി ഇന്ത്യക്ക് പ്രധാനമാണ്. ഇനി ഒരു വർഷത്തേക്ക് ജി 20 യുടെ അധ്യക്ഷ സ്ഥാനം വഹിക്കാൻ പോകുന്നത് ഇന്ത്യയാണ്. ഇപ്പോൾ ഈ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യ ഇത് ഏറ്റുവാങ്ങും. ഇന്ത്യക്ക് ശേഷം അധ്യക്ഷ സ്ഥാനം വഹിക്കുക ബ്രസീലാണ്. വികസിത രാജ്യങ്ങളാണ് ഇപ്പോൾ ജി 20 യുടെ അധികാരസ്ഥാനത്തുള്ളത് എന്നത് സുപ്രധാനമാണ്.

Top