ദയവായി കുട്ടികളെ വെറുതെ വിടൂ;മോദിയുടെ ‘പരീക്ഷ പേ ചര്‍ച്ച’യെ പരിഹസിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ഥികളുമായി സംവദിക്കുന്ന ‘പരീക്ഷ പേ ചര്‍ച്ച’യെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി ദയവായി കുട്ടികളെ വെറുതെ വിടണം. ഇത് ബോര്‍ഡ് പരീക്ഷക്ക് തയ്യാറെടുക്കാനുള്ള സമയമാണെന്നും കുട്ടികളുടെ സമയം കളയരുതെന്നും കപില്‍ സിബല്‍ പറഞ്ഞു. പഠനത്തില്‍ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യങ്ങളെ നേരിടാന്‍ എന്തൊക്കെ ചെയ്യണമെന്ന് ‘പരീക്ഷ പേ ചര്‍ച്ച’യില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് വിമര്‍ശവുമായി സിബല്‍ രംഗത്തെത്തിയത്.

വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവും മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ കപില്‍ സിബല്‍ ഉന്നയിച്ചു.ബിരുദം നേടിയ ശേഷം അതിനെക്കുറിച്ച് കൂടി തുറന്ന ചര്‍ച്ചകള്‍ നടത്തുകയും എല്ലാവരും അറിയുകയും വേണം. വിദ്യാര്‍ത്ഥികളുമായി മാന്‍ കി ബാത് പരിപാടിയാണ് അദ്ദേഹം നടത്തിയതെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചു.

ഡല്‍ഹിയിലെ തല്‍കടോര സ്റ്റേഡിയത്തില്‍ രാവിലെ 11 മണിക്കാണ് പരീക്ഷാ പേ ചര്‍ച്ച നടന്നത്.ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം കുട്ടികളുമായി മോദി സംവദിച്ചു. പരീക്ഷാ സമയത്തെ മാനസിക സമ്മര്‍ദം എങ്ങനെ കുറക്കാം എന്നതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. കുട്ടികള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം നല്‍കുകയും ചെയ്തു.9മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വിഷയങ്ങളില്‍ ലഘു പ്രബന്ധ മത്സരം നടത്തിയാണ് പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ഥികളെ കണ്ടെത്തിയത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 1050 വിദ്യാര്‍ഥികളേയും ഇത്തരത്തിലാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

Top