വന്നത് ദാരിദ്ര്യത്തില്‍ നിന്ന്‌; കഠിനാധ്വാനമാണ് എല്ലാം, പിആര്‍ പണിയല്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പിആര്‍ പണിയല്ല, കഠിനാധ്വാനമാണ് ജനങ്ങള്‍ക്കു തന്നിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെ പരിഷ്‌കരണ നടപടികളോട് പ്രതിപക്ഷം രാഷ്ട്രീയ വഞ്ചനയാണ് കാണിക്കുന്നതെന്നും, കാര്‍ഷിക നിയമങ്ങളില്‍ സര്‍ക്കാര്‍ ഇനിയും ചര്‍ച്ചകള്‍ക്ക് തയാറാണെന്നും മോദി അറിയിച്ചു.

കാര്‍ഷിക നിയമങ്ങള്‍, ജിഎസ്ടി, ആധാര്‍ വിഷയങ്ങളില്‍ പ്രതിപക്ഷം സ്വീകരിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചു. കാര്‍ഷികരംഗത്ത് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് വേളയില്‍ പ്രതിപക്ഷം വാഗ്ദാനം ചെയ്തിരുന്നു. ചില മുഖ്യമന്ത്രിമാര്‍ കത്ത് അയയ്ക്കുകയും ചെയ്തു.

എന്നാല്‍ തന്റെ സര്‍ക്കാര്‍ അത് നടപ്പാക്കിയപ്പോള്‍ വ്യാപകമായി വ്യാജപ്രചാരണം നടത്തി. കാര്‍ഷിക നിയമങ്ങളില്‍ വരുത്തേണ്ട മാറ്റമെന്താണെന്ന് കൃത്യമായി ആരും ഇതുവരെ ചൂണ്ടിക്കാട്ടിയില്ല. സൈന്യത്തിന് നേരെ പോലും പ്രതിപക്ഷം വാളോങ്ങി. വന്‍കിട മുതലാളിമാര്‍ക്ക് വായ്പ നല്‍കി ബാങ്കുകളെ കിട്ടാക്കടത്തിലേയ്ക്ക് തള്ളിവിട്ടവര്‍, തന്റെ സര്‍ക്കാര്‍ ചെറുകിട സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതിനെ പരിഹസിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഏഴു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ക്ക് അടിസ്ഥാനം ജനങ്ങളും സര്‍ക്കാരും തമ്മിലെ പരസ്പര വിശ്വാസമാണെന്നും, നെഗറ്റീവ് പ്രചാരണങ്ങള്‍ക്കിടയിലും ഇന്ത്യ കോവിഡിനെ വികസിത രാജ്യങ്ങളേക്കാള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തു. കോവിഡ് മറ്റുരാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഇന്ത്യയിലെ പ്രതിരോധ നടപടികളുടെ ആസൂത്രണം തുടങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദാരിദ്ര്യത്തില്‍ നിന്നാണ് വന്നത്, അധികാരത്തിന്റെ ഇടനാഴിയില്‍ നിന്നല്ല. അതുകൊണ്ട് ജനങ്ങളുടെ ആശകളും പ്രശ്‌നങ്ങളും അറിയാം. ആത്മീയ വഴിയിലൂടെ പോകാനാണ് ആഗ്രഹിച്ചത്. സുഹൃത്തുക്കളുടെയും സാഹചര്യങ്ങളുടെയും സമ്മര്‍ദം മൂലമാണ് രാഷ്ട്രീയത്തിലെത്തിയത്, മോദി ജയിക്കുമോയെന്ന ആശങ്കയാണ് പ്രതിപക്ഷത്തിനെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top