തീവ്രവാദികളെ അവരുടെ വീടുകളിലെത്തിയാണ് ഇന്ത്യ പാഠം പഠിപ്പിക്കുന്നത്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാകിസ്ഥാനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സായുധ സേനക്ക് 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി എന്‍സിസി റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

നമ്മുടെ അയല്‍രാജ്യം നമുക്കെതിരായി മൂന്ന് തവണ യുദ്ധം ചെയ്ത് പരാജയപ്പെട്ടത് നമുക്കറിയാം. അവരെ പരാജയപ്പെടുത്താന്‍ നമ്മുടെ സായുധസേനക്ക് 10-12 ദിവസത്തില്‍ കൂടുതല്‍ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധം നടത്തിവരുന്നുണ്ട്. ഇതിലൂടെ ആയിരക്കണക്കിന് ജവാന്മാര്‍ക്കും സാധരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് അവര്‍ക്കെതിരെ സൈനിക നടപടി എടുക്കുന്നില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ രാജ്യം ഇന്ന് യുവ ചിന്തകളോടെയാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതാണ് മിന്നലാക്രമണവും, വ്യോമാക്രമണവുമൊക്കെ’, തീവ്രവാദികളെ അവരുടെ വീടുകളിലെത്തിയാണ് പാഠം പഠിപ്പിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് പ്രതിപക്ഷം അനാവശ്യ ഭീതി പടര്‍ത്തുകയാണെന്ന് പറഞ്ഞ മോദി ഇങ്ങനെ ഭയപ്പെടുത്തുന്നവര്‍ പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം കാണാന്‍ തയ്യാറാകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് അമുസ്ലീങ്ങളെ മാത്രം ക്ഷണിച്ചുകൊണ്ട് പാകിസ്ഥാന്‍ സൈന്യം പരസ്യമിറക്കിയെന്നും മോദി ആരോപിച്ചു.

കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്താണ് മുന്‍പ് ചെയ്തത്..? പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല മൂന്ന് നാല് കുടുംബങ്ങള്‍ ശ്രമിച്ചത്. മറിച്ച് കുഴപ്പങ്ങള്‍ പരിപോഷിപ്പിക്കുകയായിരുന്നു അവര്‍. ഇതിന്റെ ഫലമായി ഭീകരത വളര്‍ന്ന് ആയിരണക്കണക്കിന് ആളുകള്‍ പാലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top