ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വികസനക്കുതിപ്പ്,കേന്ദ്രത്തിൽ ഇരട്ടഎഞ്ചിൻ സർക്കാർ:മോദി

കൊച്ചി: കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വികസനം വളരെ ശക്തമായി മുന്നോട്ടുപോകുന്നു. അവിടെ ഭരിക്കുന്നത് ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ്. കേരളത്തിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ വികസനത്തിന് കൂടുതല്‍ കരുത്തുപകരുമെന്ന് മോദി പറഞ്ഞു.

ഓണക്കാലത്ത് കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവര്‍ക്കും തന്റെ ഓണാശംസകളെന്ന് നരേന്ദ്രമോദി പറഞ്ഞു. നിങ്ങളെ കാണാന്‍ പറ്റിയതില്‍ അതിയായ സന്തോഷവുമുണ്ട്. കേരളം സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും മനോഹരമായ ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമാണെന്നും നെടുമ്പാശേരിയില്‍ സംഘടിപ്പിച്ച് ബിജെപി പൊതുയോഗത്തില്‍ മോദി മലയാളത്തില്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഭാരതം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിച്ചു. രാജ്യത്തിന്റെ വികസിത മുന്നേറ്റത്തിനായി കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ കഴിയും. എല്ലാവരുടെയും അദ്ധ്വാനവും മന്ത്രവുമായി പ്രവര്‍ത്തിക്കുന്ന ബിജെപി സര്‍ക്കാരിന് അത് കഴിയുമെന്ന് മോദി പറഞ്ഞു. ദരിദ്രര്‍ക്ക്, ദളിതര്‍ക്ക്, ചൂഷിതര്‍ക്ക് എല്ലാവര്‍ക്കും പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ദരിദ്ര കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ വിടൊരുക്കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി കേരളത്തില്‍ രണ്ട് ലക്ഷം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഇതില്‍ ഒരുലക്ഷം വീടിന്റെ പണി പൂര്‍ത്തിയായെന്നും മോദി പറഞ്ഞു.

കൃഷിക്കാര്‍ക്ക് കൊടുക്കുന്നതുപോലെ മത്സ്യതൊഴിലാളികള്‍ക്ക് ക്രഡിറ്റ് കാര്‍ഡ് നല്‍കും. ആധുനികമായ വള്ളങ്ങള്‍ മത്സ്യതൊഴിലാളികള്‍ക്ക് നല്‍കുമെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്ന പ്രധാനമന്ത്രി കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കും.

ബിജെപിയുടെ പരിപാടിക്കുശേഷം വൈകിട്ട് 6 മണിക്ക് നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ശിലാസ്ഥാപനം തുടങ്ങിയവ നിർവഹിക്കും. കൊച്ചി മെട്രോയുടെ എസ്എൻ ജംക്‌ഷൻ മുതൽ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം, കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസം, റെയിൽവേയുടെ കുറുപ്പന്തറ–കോട്ടയം–ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം–പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷൽ ട്രെയിൻ ഫ്ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയാണു പ്രധാനമന്ത്രി നിർവഹിക്കുന്നത്.

Top