‘ഇന്ന് തറക്കല്ലിട്ടു, ഉദ്ഘാടനത്തിന് വീണ്ടുമെത്തും’ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് മോദി

modi

ഭുവനേശ്വര്‍: മൂന്ന് വര്‍ഷത്തിന് ശേഷം പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ താന്‍ വീണ്ടുമെത്തുമെന്ന് പ്രസംഗിച്ച് മോദി. ഒഡീഷയിലെ താല്‍ച്ചര്‍ കാര്‍ഷിക വള നിര്‍മ്മാണ പ്ലാന്റിന് തറക്കല്ലിട്ട ശേഷം സംസാരിക്കവേയാണ് മോദി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് പൂര്‍ണ്ണ ആത്മ വിശ്വാസം പ്രകടിപ്പിച്ചത്.

മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, കേന്ദ്രമന്ത്രിമാരായ ജോള്‍ ഒറാം, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവരും ബി.ജെ.പിയുടെ ദങ്കനല്‍ എം.പി തദാംഗത സത്പതിയും വേദിയിലുണ്ടായിരുന്നു.

‘ഈ പദ്ധതി പൂര്‍ത്തിയാകാന്‍ 36 മാസങ്ങള്‍ എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തല്‍ച്ചറിലേയും ഒഡീഷയിലേയും ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുകയാണ്. 36 മാസത്തിന് ശേഷം ഞാന്‍ തന്നെ വന്ന് ഇത് നിങ്ങള്‍ക്കായി സമര്‍പ്പിക്കും’ മോദി പറഞ്ഞു.

ആയുഷ്മാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയുമായി ഒഡീഷയിലെ ജനങ്ങളെ ബന്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി നവീന്‍ പട്‌നായ്കിനോട് മോദി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അതെല്ലാം ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ട് എന്ന് മുഖ്യമന്ത്രി ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

ഏറെ നാളായുള്ള ജനങ്ങളുടെ ആഗ്രഹം സാധിപ്പിച്ചു തന്ന കേന്ദ്രസര്‍ക്കാരിനോടുള്ള പട്‌നായികും നന്ദി അറിയിച്ചു. ഈ പ്ലാന്റ് ജനങ്ങള്‍ക്ക് എന്തുകൊണ്ടും ഗുണം ചെയ്യും, ഇവിടുത്തെ 68 ശതമാനം ഭൂമിയും കൃഷി ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ദേശീയ ശരാശരിയുടെ പകുതിയാണ് ഇതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇനി മുതല്‍ ഒഡീഷയിലെ കര്‍ഷകര്‍ ആന്ധ്രയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും യൂറിയ വരുന്നതിന് വേണ്ടി കാത്തു നില്‍ക്കില്ലെന്നും നവീന്‍ പട്‌നായിക് ചടങ്ങില്‍ പറഞ്ഞു.

Top