‘നല്ല’ അയല്‍ക്കാര്‍ക്ക് മോദിയുടെ പുതുവത്സര ആശംസകള്‍; പാകിസ്ഥാന്‍ അക്കൂട്ടത്തില്‍ ഇല്ല!

പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ അയല്‍രാജ്യങ്ങളിലെ നേതാക്കളെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേമാന്വേഷണം. ‘അയല്‍ക്കാരാണ് പ്രഥമം’ എന്ന നയം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ നിലപാട് ഊട്ടിയുറപ്പിക്കാനാണ് അയല്‍രാജ്യങ്ങളിലെ നേതാക്കളുമായി സമാധാനവും, പുരോഗതിയും സംബന്ധിച്ച വിഷയങ്ങള്‍ സംസാരിച്ചത്. എന്നാല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഈ വിഷയത്തില്‍ മോദി ഒഴിവാക്കി.

മേഖലയിലെ സുഹൃത്തുക്കളുടെയും, പങ്കാളികളുടെയും പുരോഗതിയും, അഭിവൃദ്ധിയും ഇന്ത്യയുടെ വിഷയമായാണ് പ്രധാനമന്ത്രി മോദി ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ നിലവില്‍ ഇന്ത്യപാകിസ്ഥാന്‍ നയതന്ത്ര ബന്ധം ഇത്തരമൊരു ആശംസയ്ക്ക് വഴിയൊരുക്കുന്നതല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരില്‍ വിളിച്ചില്ലെങ്കിലും മറ്റേതെങ്കിലും വിധത്തില്‍ ഇത് സംഭവിച്ച് കൂടായ്കയില്ലെന്നാണ് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്.

മോശമായി നിലനിന്ന പാക് ബന്ധം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതോടെ കൂടുതല്‍ വഷളായി. ഇസ്ലാമാബാദ് ഇന്ത്യക്കെതിരെ നയതന്ത്ര നീക്കങ്ങള്‍ കടുപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ നീക്കങ്ങളെ മുസ്ലീം വിരുദ്ധമെന്ന് കുറ്റപ്പെടുത്തിയ ഇമ്രാന്‍ ഖാന്‍ ആണവായുധ ഭീഷണി വരെ മുഴക്കി. ഇതിനെല്ലാം ഇന്ത്യ കൃത്യമായ മറുപടി നല്‍കുക കൂടി ചെയ്തതോടെ ബന്ധം കൂടുതല്‍ മരവിപ്പിലേക്ക് നീങ്ങി.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഒലി, ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യെല്‍ വാംഗ്ചുക്, പ്രധാനമന്ത്രി ലോതായ് ഷെറിംഗ്, ലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ, പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ, മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹ് എന്നിവരുമായും പ്രധാനമന്ത്രി മോദി ആശംസ അര്‍പ്പിച്ചു.

Top