pm modi gives a coded message to china

ന്യൂഡല്‍ഹി: ഏഷ്യാ പസിഫിക് മേഖലയില്‍ ചൈനയുടെ അനാവശ്യമായ ഇടപെടലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഡല്‍ഹിയില്‍ നടക്കുന്ന, 65 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സുരക്ഷാ കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് ചൈനയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി മോദി രംഗത്തെത്തിയത്.

മേഖലയിലെ അനാവശ്യമായ ചൈനീസ് സൈനിക ഇടപെടല്‍ സുരക്ഷാ ഭീഷണി വര്‍ധിപ്പിക്കുന്നതായും ഇക്കാര്യത്തില്‍ നിയന്ത്രണം പാലിക്കാനും മോദി ചൈനയോട് ആവശ്യപ്പെട്ടു. ചൈനയുടെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ മുന്നറിയിപ്പ്.

സൈനികമായി മേധാവിത്തം നേടാനുള്ള മോഹവും മേഖലയില്‍ നിലനില്‍ക്കുന്ന കടുത്ത വൈരാഗ്യബുദ്ധിയുമാണ് സകല പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് മോദി ചൂണ്ടിക്കാട്ടി.സൈനിക കരുത്ത്, വിഭവങ്ങള്‍, സമ്പത്ത് എന്നിവയില്‍ കാര്യമായ വര്‍ധനയുണ്ടായത് ഏഷ്യപസിഫിക് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ ഗൗരവകരമായ വിഷയമാക്കി മാറ്റിയിട്ടുണ്ടെന്നും മോദി നിരീക്ഷിച്ചു. അതേസമയം, അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സ്വരവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും മോദി അഭിപ്രായപ്പെട്ടു.

തര്‍ക്ക പ്രദേശമായ ദക്ഷിണ ചൈനാ കടലിലെ ദ്വീപുകള്‍ സ്വന്തമാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കീഴില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തെത്തുന്ന എക്‌സോണ്‍ മൊബില്‍ പെട്രോളിയം കമ്പനിയുടെ തലവന്‍ റെക്‌സ് ടില്ലേഴ്‌സണും ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ ചൈനയുടെ അനാവശ്യ സൈനിക ഇടപെടലുകള്‍ നിയന്ത്രിക്കണമെന്ന കാര്യത്തില്‍ യുഎസിനും ഇന്ത്യയ്ക്കും സമാന നിലപാടാണുള്ളത്.

Top