pm modi discussed whether to cite balochistan with top ministers report

ന്യൂഡല്‍ഹി: ബലൂചിസ്താന്‍ വിഷയം മോദി ഉന്നയിച്ചത് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് മറികടന്നെന്ന് റിപ്പോര്‍ട്ട്.

പാകിസ്ഥാനെ ആക്രമിക്കാന്‍ ബലൂചിസ്താന്‍ വിഷയം സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ഉന്നയിക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മോദി അത് അവഗണിക്കുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സിയായ റോഴിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പകരം പാകിസ്ഥാനെതിരെ പ്രകോപനപരമായി പ്രതികരിക്കണമെന്ന മന്ത്രിസഭയിലെ മറ്റു അംഗങ്ങളുടെ അഭിപ്രായം മോദി സ്വീകരിച്ചു.

കശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്ഥാനുമായി കൊമ്പുകോര്‍ത്തിരിക്കെ ഈ മാസം ആദ്യം ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ബലൂചിസ്താന്‍ വിഷയം ഉന്നയിക്കരുതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മോദിയെ ഓര്‍മിപ്പിച്ചത്.

എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അടക്കമുള്ളവര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.

പാകിസ്ഥാനെതിരെ ബലൂചിസ്താന്‍ വിഷയം ഉന്നയിക്കുന്നത് നല്ല തീരുമാനമാണെങ്കിലും അത് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വേണ്ടെന്നായിരുന്നു യോഗത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മോദിയെ ധരിപ്പിച്ചത്. സ്വാതന്ത്ര്യ ദിനം അതിന് പറ്റിയ വേദിയല്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു.

എന്നാല്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഇത് തള്ളി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും പരീക്കര്‍ക്കൊപ്പം ചേര്‍ന്നു. പാകിസ്ഥാനെ നിശബ്ദമാക്കാന്‍ എന്തും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞതായും യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബലൂച്, ബാള്‍ട്ടിസ്താന്‍ വിഷയം ഉന്നയിക്കുന്നതിലൂടെ പാകിസ്ഥാനെ ആക്രമിക്കുന്നതിനൊപ്പം മേഖലയിലെ പ്രശ്‌നങ്ങളില്‍ ചൈനയ്ക്ക് നേരെ ഒളിയമ്പെയ്യാനും ഉപകരിക്കുമെന്ന് പരീക്കര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

പാക് അധിനിവേശ കശ്മീരിലൂടെ ബലൂചിസ്താനിലേക്ക് 46 ബില്യണ്‍ ഡോളറിന്റെ വ്യാവസായിക ഇടനാഴി ചൈന നിര്‍മിക്കുന്നുണ്ട്.

Top