കൊവിഡ്; കായികതാരങ്ങളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനായി പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഇന്ത്യയിലെ മുന്‍നിര കായികതാരങ്ങളുമായി ചര്‍ച്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടന്ന ചര്‍ച്ചയില്‍ 49 കായികതാരങ്ങള്‍ക്കൊപ്പം കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും പങ്കെടുത്തു.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കായിക താരങ്ങളുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചയെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, വീരേന്ദര്‍ സെവാഗ്, എം.എസ് ധോനി, രോഹിത് ശര്‍മ, സഹീര്‍ ഖാന്‍, യുവ്രാജ് സിങ്, കെ.എല്‍. രാഹുല്‍ എന്നീ ക്രിക്കറ്റ് താരങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം ഒളിമ്പ്യന്‍ പി.വി സിന്ധു, ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, വിശ്വനാഥന്‍ ആനന്ദ്, ഹിമ ദാസ്, ബോക്സിങ് താരം മേരി കോം, അമിത് പംഘല്‍, ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഷൂട്ടിങ് താരം മനു ഭാകര്‍ എന്നിവരും ചര്‍ച്ചയുടെ ഭാഗമായി.

ഓരോ താരത്തിനും സംസാരിക്കാന്‍ നിശ്ചിത സമയം നല്‍കിയായിരുന്നു ചര്‍ച്ച. ഇതില്‍ 12 പേര്‍ക്ക് മൂന്ന് മിനിറ്റ് വീതം സംസാരിക്കാനും അവരുടെ കാഴ്ചപ്പാട് അവതരിപ്പിക്കാനും സമയം അനുവദിച്ചിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന സന്ദേശങ്ങള്‍ പങ്കുവെയ്ക്കണമെന്ന് പ്രധാനമന്ത്രി കായികതാരങ്ങളോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ രാജ്യത്ത് എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗുംഏപ്രില്‍ 15 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Top