ചന്ദ്രയാൻ ആശങ്കയിലും ഭാരതത്തിന് അഭിമാനമായി മോദിയുടെ ആലിംഗനം !

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയ പരമായി വിമര്‍ശിക്കുന്നവര്‍ക്ക് പോലും അദ്ദേഹം സ്വീകാര്യനായ ദിവസമായിരുന്നു സെപ്തംബര്‍ ഏഴ്. ചന്ദ്രയാന്‍ 2 ദൗത്യം അനിശ്ചിതത്വത്തിലായതിനു പിന്നാലെ ശാസ്ത്രജ്ഞരെ ആശ്വസിപ്പിക്കാനും അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് അഭിനന്ദനാര്‍ഹമാണ്.

ലക്ഷ്യം പിഴച്ച നിമിഷത്തിലും ശാസ്ത്രജ്ഞന്‍മാരെ സല്യൂട്ട് ചെയ്യുന്നുവെന്നാണ് പ്രധാനമന്തി തുറന്ന് പ്രഖ്യാപിച്ചത്.’കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഏത് അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് നിങ്ങളുടെ കണ്ണുകള്‍ തന്നെ പറയുന്നുണ്ടെന്നും രാജ്യം അതിനെ ആദരിക്കുന്നുവെന്നുമാണ് ‘ പ്രധാനമന്ത്രി പറഞ്ഞത്.ഈ ബഹിരാകാശ പദ്ധതിയില്‍ നമുക്ക് അഭിമാനമുണ്ടെന്നും ഇതോടെ ചന്ദ്രനെ തൊടാനുള്ള ഇന്ത്യയുടെ പ്രതിജ്ഞ കൂടുതല്‍ ശക്തമായതായും അദ്ദേഹം വ്യക്തമാക്കി.

ഒന്നു പൊട്ടി കരയാന്‍ ആഗ്രഹിച്ച ശാസ്ത്രജ്ഞരെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്നതായിരുന്നു ഈ വാക്കുകള്‍. ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ കെട്ടിപ്പിടിച്ചാണ് മോദി ആശ്വസിപ്പിച്ചിരുന്നത്.നമ്മുടെ ചരിത്രത്തില്‍ തന്നെ പല സാഹചര്യങ്ങളിലും പതുക്കെയായിപ്പോയിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും നമ്മുടെ മനോഭാവത്തെ തകര്‍ത്തിട്ടില്ലന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പരാജയത്തില്‍ നിന്നും തിരിച്ച് വന്ന് നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ മുന്‍ ചരിത്രവും ശാസ്ത്രജ്ഞരെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ശാസ്ത്രത്തില്‍ തോല്‍വിയെന്ന ഒന്നില്ലന്നും പരീക്ഷണങ്ങള്‍ക്കും ശ്രമങ്ങള്‍ക്കുമാണ് അവിടെ സ്ഥാനമെന്നും പറഞ്ഞുകൊണ്ടാണ് മോദി ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ നിന്നും മടങ്ങിയത്. ഇന്ത്യയിലെ 135 കോടിയോളം വരുന്ന ജനങ്ങളെ മാത്രമല്ല ചരിത്ര ദൗത്യം ദര്‍ശിക്കാന്‍ ടി.വി ചാനലുകള്‍ക്ക് മുന്നില്‍ നിലയുറപ്പിച്ച ലോക രാഷ്ട്ര തലവന്‍മാരില്‍ വരെ മതിപ്പുണ്ടാക്കാന്‍ പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സ്പെയ്സ് ഏജന്‍സിയായ നാസ പോലും ഇപ്പോഴും വിശ്വസിക്കുന്നത് ഇന്ത്യക്ക് ചന്ദ്രയാന്‍ ദൗത്യം പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് തന്നെയാണ്. പിഴവില്‍ നിന്നും വിജയകൊടി പാറിച്ച ഐ.എസ്.ആര്‍.ഒയുടെ മുന്‍ചരിത്രം തന്നെയാണ് ഈ അമേരിക്കന്‍ ഏജന്‍സിയെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ചന്ദ്രയാന്‍ 2 ദൗത്യം പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന വിലയിരുത്തലുകള്‍ ശരിയല്ലന്ന അഭിപ്രായവും നാസയിലെ ശാസ്ത്രജ്ഞര്‍ക്കുണ്ട്.ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ ഇനിയുമേറെ നാള്‍ ചന്ദ്രനെ വലം ചെയ്ത് വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടിരിക്കും. ചന്ദ്രനു ചുറ്റും വലയം ചെയ്യുന്ന ഓര്‍ബിറ്ററിന്റെ സിഗ്നലുകളോട് ലാന്‍ഡര്‍ പ്രതികരിക്കാന്‍ സാധ്യതയേറെയുമാണ്. മുന്‍പ്രതീക്ഷകളില്‍ ധാരണ അല്‍പമെങ്കിലും പാളിയത് ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ഒരു ഘടകത്തിനു മാത്രമാണ്.

വിക്രം ലാന്‍ഡറും അതിനുള്ളിലെ പ്രഗ്യാന്‍ റോവറും പരിഗണിച്ചാല്‍ ദൗത്യത്തിന്റെ അഞ്ചു ശതമാനം മാത്രമാണ് നഷ്ടമായതെന്നു വിലയിരുത്താവുന്നതാണ്. ശേഷിക്കുന്ന 95 ശതമാനം ചന്ദ്രയാന്‍ 2 ലെ ഓര്‍ബിറ്ററാണ്. ഇത് വിജയകരമായി തന്നെ ചന്ദ്രനെ ഇപ്പോള്‍ വലം ചെയ്യുന്നുണ്ട്. ഒരു വര്‍ഷത്തോളം ഓര്‍ബിറ്റര്‍ ചന്ദ്രന്റെ നിരവധി ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയയ്ക്കും. ഒരു പക്ഷെ ലാന്‍ഡറിന്റെ നില വിലയിരുത്താനും ഈ ചിത്രങ്ങള്‍ കാരണമായേക്കും. വിക്രം ലാന്‍ഡറില്‍ നിന്നു പുറത്തു സഞ്ചരിക്കേണ്ട റോവറിന് രണ്ടാഴ്ച മാത്രമാണ് നിലനില്‍പ്പുള്ളത്.

ജിഎസ്എല്‍വി മാര്‍ക് 3 റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രയാന്‍ 2 നെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായ വിക്ഷേപിക്കാനായത് തന്നെ ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ്. അതിവേഗം പായുന്ന ഒരു ട്രെയിനില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ട്രെയിനിലെ ലക്ഷ്യത്തിലേക്ക് വെടിയുണ്ട തറപ്പിക്കുന്നത് പോലെയാണ് ഇതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സോഫ്റ്റ് ലാന്‍ഡിങ്ങിന്റെ അവസാനഘട്ടത്തിലാണ് പ്രശ്നമുണ്ടായതെന്നാണ് പൊതു വിലയിരുത്തല്‍. മറ്റെല്ലാ പ്രതിസന്ധികളേയും അതിജീവിക്കാന്‍ ചന്ദ്രയാന്‍ 2വിന് കഴിഞ്ഞിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ അറിയപ്പെടാത്ത മേഖലയില്‍ ഇറങ്ങാന്‍ ശ്രമിച്ചതുതന്നെ വലിയ സാഹസികതയാണ്. ലോകത്തൊരു രാജ്യവും ഇന്നുവരെ പരീക്ഷിക്കാത്ത മേഖലയാണിത്.

റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡിങ് നടത്തിയിട്ടുള്ളത്. ഇവര്‍ക്ക്പോലും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ പരിസരത്ത് പോലും എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ ദൗത്യത്തിന്റെ ചെലവു പരിഗണിച്ചാല്‍ പതിന്മടങ്ങ് പണമാണ് ഈ രാജ്യങ്ങള്‍ക്കെല്ലാം ചെലവ് വന്നിരുന്നത്. ചെലവിലെ അന്തരം വിലയിരുത്തിയാല്‍ ചന്ദ്രയാന്‍ 2 ദൗത്യത്തിന് മുടക്കേണ്ടതായി വന്നത് 140 മില്യണ്‍ ഡോളര്‍ മാത്രമാണ്. എന്നാല്‍ അമേരിക്കയുടെ ചാന്ദ്രദൗത്യമായ അപ്പോളോയ്ക്ക് വേണ്ടി ചിലവിട്ടത് 100 ബില്യണ്‍ ഡോളറാണ്. ചിലവ് കുറഞ്ഞ ഇന്ത്യയുടെ ഈ പരീക്ഷണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് എന്നും ഒരു അത്ഭുതം തന്നെയാണ്.

തദ്ദേശീയമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് തികഞ്ഞ സാങ്കേതിക തികവോടെ നിരവധി ബഹിരാകാശ ദൗത്യങ്ങളാണ് ഇതിനകം തന്നെ ഇന്ത്യ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചന്ദ്രയാന്‍ 2 വിലും സ്വന്തം സാങ്കേതികവിദ്യയാണ് എൈ.എസ്.ആര്‍.ഒ രംഗത്തിറക്കിയിരുന്നത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്നുഭാഗങ്ങളാണ് ചന്ദ്രയാന്‍ 2വിനുള്ളത്. ഇതില്‍, 2,379 കിലോ ഭാരമുള്ള ഓര്‍ബിറ്ററിന്റെ ആയുസ് ഒരുവര്‍ഷമാണ്.

ജൂലൈ 22ന് ഉച്ചയ്ക്ക് ശേഷം 2.43നാണ് ബാഹുബലി എന്ന വിളിപ്പേരുള്ള ജി എസ് എല്‍ വി മാര്‍ക്ക് ത്രീ റോക്കറ്റില്‍ ചന്ദ്രയാന്‍ 2കുതിച്ചുയര്‍ന്നിരുന്നത്. 47 ദിവസത്തെ യാത്രയായിരുന്നു അത്. നാലു ലക്ഷം കിലോമീറ്റര്‍ പറന്നെത്തി ചന്ദ്രന്റെ പ്രതലത്തിനു വെറും 2.1 കിലോമീറ്റര്‍ മാത്രം മുകളില്‍ വച്ചാണ് കണക്കുകൂട്ടലുകളെല്ലാം തെറ്റിയത്. ഓര്‍ബിറ്ററിലേക്കും അതിലൂടെ ഭൂമിയിലെ ഐ.എസ്.ആര്‍.ഒ കേന്ദവുമായുള്ള ബന്ധമാണ് ഇവിടെ നഷ്ടപ്പെട്ടത്. എങ്കിലും ശാസ്ത്രലോകം ഇപ്പോഴും അത്ഭുതത്തിനായാണ് കാത്തിരിക്കുന്നത്. ചന്ദ്രന് ചുറ്റും വലയം ചെയ്യുന്ന ഓര്‍ബിറ്ററിന്റെ സിഗ്‌നലുകളോട് വൈകിയാണെങ്കിലും ലാന്‍ഡര്‍ പ്രതികരിക്കുമെന്നുതന്നെയാണ് ഐ.എസ്.ആര്‍.ഒ പ്രതീക്ഷിക്കുന്നത്.

Staff Reporter

Top