അണ്‍ലോക്കിംഗ് ഒന്നാം ദിവസം; കേന്ദ്ര മന്ത്രിസഭാ യോഗം അല്‍പസമയത്തിനകം

ന്യൂഡല്‍ഹി:കേന്ദ്രത്തിന്റെ മൂന്ന് ഘട്ടങ്ങളായുള്ള അൺലോക്കിംഗ് പദ്ധതിയുടെ ആദ്യ ദിവസത്തിലേയ്ക്ക് രാജ്യം പ്രവേശിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് 11.30 ഓടെ കേന്ദ്ര മന്ത്രിസഭാ യോഗം നടക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗമാണിത്.

യോഗത്തില്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന. സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതിയും സാമ്പത്തിക കാര്യങ്ങളുടെ മന്ത്രിസഭാ സമിതിയും ഇന്ന് യോഗം ചേരുന്നുണ്ട്.

ചൈനയുമായി അതിര്‍ത്തി തര്‍ക്കം രൂക്ഷമായ ഘട്ടത്തിലാണ് സുരക്ഷാ സമിതി ചേരുന്നത്. കോവിഡ് പ്രതിസന്ധിയും സാമ്പത്തിക പുനരുജ്ജീവ പദ്ധതിയും സാമ്പത്തിക സമിതി ചര്‍ച്ച ചെയ്യും. രാജ്യത്ത് കോവിഡ് വൈറസ് വ്യാപിക്കുന്നതും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,392 പുതിയ കോവിഡ് കേസുകളും 230 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 190,535 ആയി ഉയരുകയും മരണനിരക്ക് 5394 ആയി വര്‍ധിക്കുകയും ചെയ്തു.

Top