‘ഒരുമിച്ച് നമ്മള്‍ ശക്തമായ ഇന്ത്യ പടുത്തുയര്‍ത്തും’; 2019ലെ ‘സുവര്‍ണ്ണ ട്വീറ്റ്’ പ്രധാനമന്ത്രി മോദി വക

സോഷ്യല്‍ മീഡിയയില്‍ കിരീടം വെയ്ക്കാത്ത രാജാവാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ മറ്റൊരു സോഷ്യല്‍ മീഡിയ പട്ടം കൂടി അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ലഭിച്ച വിജയത്തിന്റെ ആഘോഷം പങ്കുവെയ്ക്കാന്‍ പ്രധാനമന്ത്രി മോദി കുറിച്ച ട്വീറ്റാണ് ഈ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റിട്വീറ്റും, ലൈക്കും നേടിയതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

2019 മെയ് 23നാണ് പ്രധാനമന്ത്രി മോദി ട്വിറ്റര്‍ ‘സുവര്‍ണ്ണ ട്വീറ്റ്’ എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റ് പങ്കുവെച്ചത്. ‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികാസം, എല്ലാവരുടെയും വിശ്വാസം, വിജയീ ഭാരത്. ഒരുമിച്ച് നമ്മള്‍ വളരും. ഒരുമിച്ച് നമ്മള്‍ ശക്തമായ ഇന്ത്യ പടുത്തുയര്‍ത്തും. ഇന്ത്യ വീണ്ടും വിജയിക്കുന്നു’, എന്നാണ് പ്രധാനമന്ത്രി ബിജെപി വിജയത്തിന് പിന്നാലെ ട്വീറ്റ് ചെയ്തത്.

#ലോക്‌സഭാതെരഞ്ഞെടുപ്പ്2019 ആയിരുന്നു ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഹാഷ്ടാഗ്. കായിക രംഗത്ത് എംഎസ് ധോണിക്ക് ജന്മദിന ആശംസ അറിയിച്ച വിരാട് കോഹ്‌ലിയുടെ ട്വീറ്റാണ് ഏറ്റവും കൂടുതല്‍ റിട്വീറ്റ് ചെയ്യപ്പെട്ടത്. ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് വിരാട് ആശംസ അര്‍പ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഈ ട്വീറ്റ് ആഘോഷമാക്കുകയും ചെയ്തു.

ട്വിറ്ററില്‍ ഒരു വര്‍ഷത്തില്‍ ഏറ്റവും വലിയ വാര്‍ത്തയായ, ചര്‍ച്ചയായ വിഷയമാണ് സുവര്‍ണ്ണ ട്വീറ്റായി കണക്കാക്കുന്നത്. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യവും ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായി മാറിയെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

Top