PM Modi at IMF summit: India is a ray of hope for global economic

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ കൂടുതല്‍ പ്രതിഫലിക്കണമെങ്കില്‍ അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) യില്‍ പരിഷ്‌കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ പോലുള്ള വികസ്വര സമ്പദ് വ്യവസ്ഥകള്‍ക്ക് ബഹുമുഖ സമിതികളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ.എം.എഫിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘വികസിക്കുന്ന ഏഷ്യ’ എന്ന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

2010ല്‍ തന്നെ ഇക്കാര്യം ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതുവരേയും അത് യാഥാര്‍ത്ഥ്യമായിട്ടില്ല. ഐ.എം.എഫില്‍ പരിഷ്‌കരണം കൊണ്ടുവരുന്നത് കേവലം ചില രാജ്യങ്ങളുടെ ശക്തിയുടെ കാര്യമല്ല. അത് ന്യായത്തിന്റേയും നിയമസാധുതയുടേയും കാര്യം കൂടിയാണ് മോദി ചൂണ്ടിക്കാട്ടി. ദരിദ്ര രാജ്യങ്ങള്‍ക്ക് കൂടുതല്‍ ആഗ്രഹിക്കാനും പ്രതീക്ഷിക്കാനും വകയുണ്ടാവണം. എങ്കില്‍ മാത്രമെ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് യാഥാര്‍ത്ഥ മുഖം കൈവരിക്കാനാവൂ. 2017 ഒക്ടോബറോട് കൂടി ഐ.എം.എഫ് ക്വാട്ടയില്‍ മാറ്റം വരുത്തുമെന്നത് സ്വാഗതാര്‍ഹം തന്നെയാണെന്നും മോദി പറഞ്ഞു.

ഈ സംവിധാനം വരുന്നതോടെ വികസ്വര രാജ്യങ്ങള്‍ക്ക് ഐ.എം.എഫിന്റെ തീരുമാനങ്ങളില്‍ കൂടുതല്‍ പങ്കാളിയാവാന്‍ കഴിയും. ആഗോള സ്ഥാപനങ്ങളുടെ പരിഷ്‌കരണം എന്നത് തുടര്‍ പ്രക്രിയയാണ്. ആഗോള സമ്പദ് വ്യവസ്ഥയുടെ മാറ്റങ്ങളെ ഇത്തരം സ്ഥാപനങ്ങള്‍ പ്രതിഫലിപ്പിക്കുന്നതോടൊപ്പം വികസ്വര രാജ്യങ്ങളുടെ പങ്ക് ഉയരുകയും വേണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഐ.എം.എഫ് മേധാവി ക്രിസ്റ്റീന ലൊഗാര്‍ദേയും ചടങ്ങില്‍ പങ്കെടുത്തു.

വോട്ടവകാശം നല്‍കുന്നത് അടക്കമുള്ള പരിഷ്‌കരണങ്ങളാണ് ഐ.എം.എഫ് പ്രഖ്യാപിച്ചത്. ഇതിലൂടെ, ഏഷ്യയിലെ വന്‍ ശക്തികളായി കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും വോട്ടവകാശവും കൂടുതല്‍ പ്രാധാന്യവും ഐ.എം.എഫില്‍ ലഭിക്കും. ഐ.എം.എഫില്‍ ഇന്ത്യയുടെ ക്വാട്ട 2.44 ശതമാനത്തില്‍ നിന്ന് 2.77 ശതമാനമായും വോട്ടിംഗ് പങ്കാളിത്തം 2.34 ശതമാനത്തില്‍ നിന്ന് 2.6 ശതമാനമായും ഉയര്‍ന്നിരുന്നു. ഇതാദ്യമായി ബ്രസീല്‍, ചൈന, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങള്‍ ഐ.എം.എഫിലെ പത്ത് വലിയ അംഗരാജ്യങ്ങളാവാന്‍ പോകുകയാണ്. അമേരിക്ക, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍ എന്നിവയാണ് ഈ പട്ടികയിലെ മുന്പന്മാര്‍.

Top