പ്രതിപക്ഷപാര്‍ട്ടികളുമായി മോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാര്‍ട്ടികളുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. ഞായറാഴ്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവരുമായി മോദി സംസാരിച്ചിരുന്നു. 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക് ഡൗണ്‍ 14ന് അവസാനിക്കേ, ലോക് ഡൗണ്‍ നീട്ടണമെന്നാണ് ഐസിഎംആറിന്റെയും ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും ആവശ്യം.

നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ലോക് ഡൗണ്‍ നീട്ടിയേക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാകും അന്തിമ നിലപാട് എടുക്കുക. രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ പ്രതിപക്ഷ കക്ഷികളെ മോദി അറിയിക്കും. ഇതിനിടെ, രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,800 കടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 124 പേരാണ് ഇതുവരെ മരിച്ചത്.

Top