ഉംപുണ്‍ ചുഴലിക്കാറ്റ്; ബംഗാളിന് 1000 കോടി ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കൊല്‍ക്കത്ത: ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച ബംഗാളിന് 1000 കോടി രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ചുഴലിക്കാറ്റില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വ്യോമസന്ദര്‍ശനത്തിനായി ബംഗാളിലെത്തിയത്. ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും മുഖ്യമന്ത്രി മമത ബാനര്‍ജിയും ചേര്‍ന്നാണ് അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നത്.

തുടര്‍ന്ന് ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച മേഖലകള്‍ അദ്ദേഹം ഹെലികോപ്ടര്‍ യാത്രയിലൂടെ വിലയിരുത്തി. ശേഷം ബസിര്‍ഹത്ത് മേഖലയ്ക്ക് സമീപത്തെ സ്‌കൂളില്‍ അവലോകന യോഗം ചേര്‍ന്നു. ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നും 80 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും മമത ബാനര്‍ജി പ്രധാനമന്ത്രിയെ അറിയിച്ചു.

ചുഴലിക്കാറ്റില്‍ നാശം വിതച്ച സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം സാധാരണനിലയിലേക്കെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബംഗാളിനൊപ്പം നില്‍ക്കുമെന്നും യോഗത്തിനുശേഷം പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഉംപുണ്‍ ചുഴലിക്കാറ്റിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന മമത ബാനര്‍ജിയുടെ ആവശ്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പ്രതികരിച്ചില്ല. ഉംപുണ്‍ ചുഴലിക്കാറ്റ് ബംഗാളിനെ തകര്‍ത്തിട്ടും കേന്ദ്രത്തില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് മമത നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ദുരന്തമുണ്ടാവുമ്പോഴാണ് സഹായം നല്‌കേണ്ടതെന്നും അല്ലാതെ 500 ദിവസം കഴിഞ്ഞിട്ടല്ലെന്നും പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.

ഉംപുണ്‍ ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളില്‍ മാത്രം 80 പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തു. കൊല്‍ക്കത്തയില്‍ മാത്രം 15 പേരാണ് മരിച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടമാണ് നേരിട്ടത്.

Top