ഇന്ത്യയുടെ സൈനിക കരുനീക്കത്തിൽ അന്തംവിട്ട് ലോകം, അമ്പരന്ന് പാക്കിസ്ഥാൻ

ന്ത്യയുടെ അപ്രതീക്ഷിത നീക്കങ്ങളില്‍ അമ്പരന്നിരിക്കുകയാണിപ്പോള്‍ ലോക രാഷ്ട്രങ്ങള്‍. അതില്‍ പാക്കിസ്ഥാനും ചൈനയും മാത്രമല്ല മറ്റ് ലോക ശക്തികളും പെടും. മൂന്ന് സേനകളെയും ഒരു മേധാവിയുടെ കീഴില്‍ കൊണ്ടുവരുമെന്നുള്ള ഇന്ത്യയുടെ പ്രഖ്യാപനം വലിയ അലയൊലിയാണ് അന്താരാഷ്ട്ര തലത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ത്യ ഇപ്പോള്‍ വികസ്വര രാഷ്ട്രമല്ലന്നും ചൈനയെ പോലെ ഭീമന്‍ സാമ്പത്തിക ശക്തിയാണെന്നുമുള്ള അമേരിക്കന്‍ നിലപാടിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്. സൈനികമായും സാമ്പത്തികമായും ഇന്ത്യ കൈവരിച്ച വലിയ മുന്നേറ്റം ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികള്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, യു.കെ, ഫ്രാന്‍സ് എന്നിവയാണ്. 2017ല്‍ തന്നെ ഫ്രാന്‍സിനെ പിന്തള്ളി ആറാം സ്ഥാനത്ത് ഇന്ത്യ എത്തിയിരുന്നു. ഇപ്പോഴും ഈ കുതിപ്പ് തുടരുകയുമാണ്.

സൈനിക കരുത്തിലാകട്ടെ നാലാമത്തെ വലിയ ശക്തിയാണ് ഇന്ത്യ. ആയുധ ശേഷിയുടെ പട്ടികയിലും വലിയ മുന്നേറ്റമാണ് സമീപകാലത്ത് ഇന്ത്യ നടത്തിയിരിക്കുന്നത്. കരസേനയുടെ അംഗബലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പാക്കിസ്ഥാനാകട്ടെ പതിമൂന്നാം സ്ഥാനത്ത് മാത്രമാണുള്ളത്. സൈനിക അംഗസംഖ്യയില്‍ ഒന്നാമത് ചൈനയാണെങ്കിലും തന്ത്രങ്ങളുടെ കാര്യത്തില്‍ മുന്നില്‍ ഇന്ത്യ തന്നെയാണുള്ളത്.

13,62,500 സൈനികരാണ് ഇന്ത്യന്‍ കരസേനക്കുള്ളത്. ഏഴ് കമാന്‍ഡര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കരസേന രാജ്യത്തെ മൊത്തം സൈനിക ശേഷിയുടെ 80 ശതമാനത്തോളം വരും. മിഗ് 29, മിറാഷ്, സുഖോയ്, ബോയിംഗ്, ജാഗ്വാര്‍ തുടങ്ങി ലോകത്തില്‍ മുന്‍പന്തിയുള്ള എല്ലാ യുദ്ധവിമാനങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തായുണ്ട്. ഫ്രാന്‍സിന്റെ റഫേല്‍ യുദ്ധവിമാനങ്ങളും അതികം താമസിയാതെ ഇന്ത്യന്‍ സേനയുടെ ഭാഗമാകും. ഈ ശ്രേണിയിലേക്ക് ലോകത്തെ നമ്പര്‍ വണ്‍ അറ്റാക്ക് ഹെലിക്കോപ്റ്ററായ അപ്പാച്ചെയുമെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ വ്യോമസേനക്കുള്ള 2,102 വിമാനങ്ങളില്‍ 676 എണ്ണവും യുദ്ധവിമാനങ്ങളാണ്. മിഗ്, ദ്രുവ്, ഡോര്‍ണിയര്‍ തുടങ്ങി ജര്‍മ്മന്‍, ഇസ്രയേല്‍ യുദ്ധവിമാനങ്ങളെല്ലാം വ്യോമസേനയുടെ ഭാഗമാണ്. ഒരുലക്ഷത്തി നാല്പതിനായിരം സൈനികരാണ് വ്യോമസേനക്കുള്ളത്. 137 യുദ്ധക്കപ്പലുകളും 223 യുദ്ധവിമാനങ്ങളും അടങ്ങുന്ന ഇന്ത്യന്‍ നാവികസേനയുടെ പകുതിയോളം ശേഷി മാത്രമാണ് പാകിസ്താനുള്ളത്. 15 മുങ്ങിക്കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് എപ്പോഴും എന്തിനും സജ്ജമായി നില്‍ക്കുകയാണ്.

അതിര്‍ത്തി രക്ഷാ സേന, തീരസേന എന്നിവയെല്ലാം ഇതിന് പുറമെയുള്ള കരുത്തുകളാണ്. ഇസ്രയേലില്‍ നിര്‍മ്മിച്ച 218 ആളില്ലാ യുദ്ധവിമാനങ്ങള്‍ ഇപ്പോഴും അതിര്‍ത്തിരക്ഷാ സേനയുടെ കുന്തമുനയാണ്. അമേരിക്കയുടെ ആധുനിക യുദ്ധ വിമാനങ്ങളേയും മിസൈലുകളേയും ചാരമാക്കാന്‍ കഴിയുന്ന റഷ്യയുടെ S-400 ട്രയംഫ് ഉം അധികം വൈകാതെ തന്നെ ഇന്ത്യ സ്വന്തമാക്കാന്‍ പോകുന്ന കരുത്താണ്. 42,000 കോടിയുടെ കരാറാണ് ഇത് സംബന്ധമായി റഷ്യയുമായി ഇന്ത്യ ഒപ്പുവെച്ചിരിക്കുന്നത്. സൈനികരെ പൂര്‍ണ്ണമായും ആധുനികവത്ക്കരിക്കുന്നതിനുള്ള നടപടികളും ധ്രുതഗതിയില്‍ നടന്ന് വരികയാണ്. സൈനിക നീക്കങ്ങള്‍ക്ക് വേഗതയും കൃത്യതയും ഏകോപനവും ഉറപ്പുവരുത്താന്‍ പുതിയ സൈനീക തലവന്റെ വരവോടെ സാധ്യമാകും.

സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ഇന്ത്യയുടെ സൈനിക ശക്തിയെ ഏകോപിപ്പിക്കുന്ന സുപ്രധാന തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി വെളിപ്പെടുത്തിയിരിക്കുന്നത്. സേനയുടെ നവീകരണമടക്കമുള്ള ചുമതലയായിരിക്കും ചീഫ് ഡിഫന്‍സ് സ്റ്റാഫിനുണ്ടാവുക. മൂന്നു സേനകളെയും ഏകോപിപ്പിക്കാനുള്ള സംവിധാനം വേണമെന്ന് പലവട്ടം സൈനിക നേതൃത്വങ്ങള്‍ ആവശ്യമുന്നയിച്ചിരുന്നതാണ്. അതാണിപ്പോള്‍ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നത്.

1999തില്‍ കാര്‍ഗില്‍ യുദ്ധത്തിനു ശേഷമാണ് മൂന്നു സൈനിക നേതൃത്വങ്ങളെയും ഏകോപിപ്പിച്ച് ചീഫ് ഡിഫന്‍സ് സ്റ്റാഫ് വേണമെന്ന ആവശ്യം ശക്തമായിരുന്നത്. കാര്‍ഗിലില്‍ പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ മേഖലകളില്‍ നുഴഞ്ഞുകയറിയ ശേഷമാണ് ഇന്ത്യ ഇക്കാര്യം അറിഞ്ഞിരുന്നത് തന്നെ. വലിയ വീഴ്ച്ചയായിരുന്നു ഈ സംഭവം.

കാര്‍ഗില്‍ സമയത്ത് മൂന്നു സേനാ വിഭാഗങ്ങളുടെയും ഏകോപനവും പ്രധാന പ്രശ്നമായിരുന്നു. 2001ല്‍ കേന്ദ്ര മന്ത്രിസഭാ ഉപസമിതിയും ചീഫ് ഡിഫന്‍സ് സ്റ്റാഫ് വേണമെന്ന ആവശ്യം ഉന്നയിക്കുകയുണ്ടായി. എന്നാല്‍ തീരുമാനം ചുവപ്പ് നാടയില്‍ തന്നെ കുരുങ്ങികിടക്കുകയായിരുന്നു. 20 വര്‍ഷത്തിനു ശേഷമാണിപ്പോള്‍ ആ ചുവപ്പ് നാട പൊട്ടിച്ച് മോദി സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

‘സൈന്യം ഇന്ത്യയുടെ അഭിമാനമാണെന്നു പറഞ്ഞാണ് പ്രധാനമന്ത്രി പ്രഖ്യാപനത്തിന് തുടക്കമിട്ടത്. മൂന്നു സേനാ വിഭാഗങ്ങളുമായി കൃത്യതയാര്‍ന്ന ഏകോപനം വേണം. ചെങ്കോട്ടയില്‍ നിന്ന് വലിയ തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനി ചീഫ് ഡിഫന്‍സ് സ്റ്റാഫ് ഉണ്ടായരിക്കും. ഇത് നമ്മുടെ സൈന്യത്തെ കൂടുതല്‍ ശക്തവും കാര്യക്ഷമവുമാക്കും” നിറഞ്ഞ കൈയ്യടികളോടെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനത്തെ രാജ്യം വരവേറ്റത്.

മൂന്നു സേനകളുടെയും തലവനായ ചീഫ് ഡിഫന്‍സ് സ്റ്റാഫിന് ഫൈവ് സ്റ്റാര്‍ മിലിട്ടറി ഓഫീസറുടെ പദവിയായിരിക്കും ഉണ്ടായിരിക്കുക.സേന വിന്യാസം, നവീകരണം, ഓപ്പറേഷന്‍ അടക്കമുള്ളവയിലെല്ലാം അവസാന വാക്ക് സി.ഡി.എസിന്റേതായിരിക്കും. പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇനി സേനാവിവരങ്ങളെക്കുറിച്ചറിയാന്‍ മൂന്നു സേനാ മേധാവികളെ കാണേണ്ടിവരില്ല. എല്ലാ വിവരങ്ങളും സി.ഡി.എഫില്‍ നിന്നു തന്നെ പെട്ടെന്ന് ലഭിക്കും.

ഓരോ സേനാ വിഭാഗത്തില്‍ നിന്നും മാറി മാറിയായിരിക്കും ചീഫ് ഡിഫന്‍സ് സ്റ്റാഫിന്റെ നിയമനം. മുന്‍ സൈനിക മേധാവികളും പ്രതിരോധ വിദഗ്ദരും നരേന്ദ്രമോദിയുടെ സി.ഡി.എസ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധസമയത്ത് ഇന്ത്യയുടെ കരസേന മേധാവിയായിരുന്ന ജനറല്‍ വി.പി മാലിക് ചരിത്രപരമായ തീരുമാനമെന്നാണ് ഈ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യ സുരക്ഷ ഇനി കൂടുതല്‍ കാര്യക്ഷമവും അതേസമയം ചെലവുകുറയ്ക്കാനുമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സേനകളുടെ കൂട്ടുത്തരവാദിത്വവും അച്ചടക്കവും വര്‍ധിപ്പിക്കുമെന്നും മാലിക് ചൂണ്ടികാട്ടുന്നു.

ലോകത്തെ നാലാമത്തെ സൈനിക ശക്തിയും രണ്ടാമത്തെ കരസേനയുമുള്ള ഇന്ത്യന്‍ സൈന്യം ആക്രമണത്തിനല്ല പ്രതിരോധത്തിനാണ് ഇതുവരെ ഊന്നല്‍ നല്‍കിയിരുന്നത്.ചൈനക്കും പാക്കിസ്ഥാനുമെതിരെപ്പോലും പ്രകോപനവും ആക്രമണവും ആരംഭിച്ചശേഷം മാത്രമാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയിരുന്നത്. എന്നാല്‍ ചീഫ് ഡിഫന്‍സ് സ്റ്റാഫ് അടക്കമുള്ള സംവിധാനവും കാര്യക്ഷമതയും വര്‍ധിക്കുന്നതോടെ നിര്‍ണയിക്കുന്ന സ്ഥലത്ത് മിന്നല്‍ വേഗത്തില്‍ ആക്രമണം നടത്താനുള്ള വേഗതയാണ് ഇന്ത്യന്‍ സൈന്യത്തിന് കൈവരാന്‍ പോകുന്നത്.

കശ്മീരിന്റ പ്രത്യേക പദവി എടുത്ത് കളഞ്ഞതിലൂടെ വേണ്ടി വന്നാല്‍ പക്കിസ്ഥാനുമായി ഒരു യുദ്ധത്തിനും തയ്യാറാണെന്ന സമീപനമാണ് ഇന്ത്യ നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കെ തന്നെയാണ് ഇപ്പോള്‍ സൈനിക നടപടിക്ക് വേഗത കൈവരുന്ന തീരുമാനവും പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച് ഏറെ ആവേശകരമായ തീരുമാനമാണിത്.

Top