ഷീ ജിന്‍പിങ്ങുമായി അത്താഴവിരുന്നിനിടെ മോദി ഒരുമണിക്കൂറിലധികം ചര്‍ച്ച നടത്തി

ചെന്നൈ : ഇന്ത്യ – ചൈന രണ്ടാം അനൌദ്യോഗിക ഉച്ചകോടിയ്ക്ക് തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് എത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി അത്താഴവിരുന്നിനിടെ നരേന്ദ്ര മോദി ഒരുമണിക്കൂറിലധികം ചര്‍ച്ച നടത്തി. മുന്‍കൂട്ടി നിശ്ചയിക്കാത്ത ചര്‍ച്ചയായിരുന്നു നടന്നത്. അത്താഴവിരുന്നിനു ശേഷം പ്രസിഡന്റും പ്രധാനമന്ത്രിയും ചെന്നൈയിലേക്ക് തിരിച്ചു.

ശനിയാഴ്ച രാവിലെ ഒരുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ച ഇരുനേതാക്കളും നടത്തും. വ്യാപര രംഗത്ത് സഹകരണം ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങിയവ രണ്ട് നേതാക്കളും അനൗപചാരിക ഉച്ചകോടിയില്‍ തീരുമാനിക്കാനാണ് സാധ്യത. ജമ്മുകശ്മീര്‍ വിഷയത്തില്‍ കടുത്ത ഭിന്നതയാണ് ഒരുമാസത്തിന് മുമ്പ് ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ ഉടലെടുത്തിരുന്നത്.

എന്നാല്‍ വലിയ സൗഹൃദത്തിന്റെ അന്തരീക്ഷത്തിലാണ് ഇന്നത്തെ ഉച്ചകോടിയുടെ തുടക്കം. തമിഴ് പരമ്പരാഗത വേഷത്തിലെത്തിയായിരുന്നു ചൈനീസ് പ്രസിഡന്റിനെ പ്രധാനമന്ത്രി സ്വീകരിച്ചത്. ചെന്നൈയിലെ ഹോട്ടലിലേക്കുള്ള വഴിയുടെ ഇരുവശത്തും ഇന്ത്യയുടെയും ചൈനയുടെയും പതാകകളുമായി വിദ്യാര്‍ഥികള്‍, ഷീ ജിന്‍ പിങിനെ വരവേറ്റു. നാല് മണിയോടെയാണ് ചെന്നൈയില്‍ നിന്ന് മഹാബലിപുരത്തേയ്ക്ക് പുറപ്പെട്ടത്. 36 ഇടങ്ങളില്‍ കലാവിരുന്ന് ഒരുക്കിയിരുന്നു.

മഹാബലിപുരത്തെത്തിയ ശേഷം യുനെസ്കോയുടെ പൈതൃക കേന്ദ്രങ്ങളായ അര്‍ജുന തപസ്, പഞ്ച രഥാസ്, സീ ഷോര്‍ ടെംപിള്‍ എന്നിവ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷി ജിന്‍പിങും ഒരുമിച്ച് കണ്ടു. മഹാബലിപുരത്തെ ശില്‍പവിദ്യയുടെ ചരിത്രം പ്രധാനമന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് നാനൂറ് കലാകാരന്മാരും വിദ്യാര്‍ത്ഥികളും അണിനിരന്ന കലാപ്രകടനം.

Top